കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ വിവിധ വകുപ്പുകള്‍ എകോപനത്തോടെ പ്രവര്‍ത്തിക്കണം, ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ വിവിധ വകുപ്പുകള്‍ എകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഇറിഗേഷന്‍ വകുപ്പ് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും താലൂക്ക് വികസനസമിതി യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പിഡബ്ല്യുഡി അധികൃതര്‍ക്കും നഗരസഭ അധികൃതര്‍ക്കും മന്ത്രി നിര്‍ദേശം നല്കി. മഴ കുറഞ്ഞെങ്കിലും ഡാമുകളില്‍ നിന്നുള്ള വെള്ളം എത്തിച്ചേരുന്നതു മൂലം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണെന്നും കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും തഹസില്‍ദാര്‍ ശാന്തകുമാരി വിശദീകരിച്ചു. വികസനസമിതി യോഗങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാത്തതിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തിന് എത്താത്തതിലും നേരത്തെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ചില വകുപ്പുകളുടെ പ്രതിനിധികളായി എത്തുന്ന ഉദ്യോഗസ്ഥര്‍ വിഷയങ്ങള്‍ പഠിക്കാതെയാണ് വരുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. നഗരസഭയെ പ്രതിനിധീകരിച്ച് ആരും യോഗത്തില്‍ പങ്കെടുക്കാഞ്ഞതും ചര്‍ച്ചാവിഷയമായി. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് അടുത്ത കാലത്തായി നിഷേധിക്കുകയാണെന്നും താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ തൃശൂരിലേക്ക് പറഞ്ഞുവിടുന്ന പ്രവണത ശരിയല്ലെന്നും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ആശുപത്രിയില്‍ ജീവിത ശൈലി മരുന്നുകളുടെ ക്ഷാമം നേരിടുണ്ടെന്ന് ആശുപത്രി പ്രതിനിധി വിശദീകരിച്ചു. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി. തൃപ്രയാര്‍ ഭാഗത്തു നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാത്ത വിഷയം സംബന്ധിച്ച് ജില്ലാ തലത്തില്‍ ഉടന്‍ യോഗം വിളിക്കും. കാട്ടൂര്‍ പഞ്ചായത്തില്‍ പൊഞ്ഞനം ഭാഗത്തെ പൈപ്പ് ലൈന്‍ ചോര്‍ച്ച ഇതുവരെ പരിഹരിക്കപ്പെടാത്തതും യോഗത്തില്‍ വിമര്‍ശനത്തിന് കാരണമായി. താലൂക്ക് വികസന സമിതി യോഗത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഉയര്‍ന്ന വന്ന വിഷയമാണിതെന്നും ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന് ആവശ്യപ്പെട്ടു. വികസന സമിതി യോഗങ്ങള്‍ പ്രഹസനമായി മാറുന്ന അവസ്ഥ ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കരുതെന്ന് മന്ത്രിയുടെ പ്രതിനിധി ഉല്ലാസ് കളക്കാട്ട് ആവശ്യപ്പെട്ടു. കാട്ടൂര്‍ റോഡ് വികസനത്തിന്റെ ഭാഗമായി പോംപെ സ്കൂളിന്റെ ഭാഗത്തുള്ള പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്താന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും താലൂക്ക് സര്വെയറുടെയും സാന്നിധ്യത്തില്‍ വീണ്ടും അളക്കാന്‍ യോഗം നിര്‍ദേശം നല്കി. യോഗത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രന്, ലത സഹദേവന്, സീമ പ്രേംരാജ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.