ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മഴക്കെടുതികള്‍ തുടരുന്നു
കൂടുതല്‍ പേര് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്; മാപ്രാണത്തും എടതിരിഞ്ഞിയിലും വീടുകള്‍ ഭാഗികമായി തകര്‍ന്നു
ഇരിങ്ങാലക്കുട: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതോടെ പുഴകളുടെ ജലനിരപ്പ് ഉയര്‍ന്ന് വീടുകള്‍ വെള്ളക്കെട്ടില്‍ ആയതോടെ കൂടുതല്‍ പേര് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. കാറളം പഞ്ചായത്തില്‍ ഇളമ്പുഴ, നന്തി തുടങ്ങിയ മേഖലകളില്‍ നിന്നായി അമ്പതോളം പേരാണ് കാറളം എഎല്‍പി സ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ ഉള്ളത്. കൂടുതല്‍ പേര് ക്യാമ്പുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നതായി അധികൃതര്‍ സൂചിപ്പിക്കുന്നുണ്ട്. കാറളം പഞ്ചായത്തില്‍ തന്നെ താണിശേരി ഡോളേഴ്സ് പള്ളി സ്കൂളില്‍ ഉള്ള ക്യാമ്പില്‍ 14 പേരാണുള്ളത്. ആളൂര്‍ പഞ്ചായത്തില്‍ ചാലക്കുടി പുഴയില്‍ നിന്നുള്ള വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നായി 60 ല്‍ അധികം കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിക്കഴിഞ്ഞു. പഞ്ചായത്തിലെ രണ്ടു ക്യാമ്പുകളിലായി 103 പേര് ഇപ്പോള്‍ ഉണ്ട്. പടിയൂര്‍ പഞ്ചായത്തില്‍ എച്ച്ഡിപി സ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ മൂന്നു കുടുംബങ്ങളില്‍ നിന്നായി എട്ടു പേരാണുള്ളത്. കൂടുതല്‍ കുടുംബങ്ങള്‍ ക്യാമ്പുകളിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കൂത്തുമാക്കല്‍, ചെട്ടിയാല്‍ അംബേദ്കര്‍ കോളനി, മഴുവഞ്ചേരി തുരുത്ത്, പെരുന്തറ എന്നീ മേഖലകളില്‍ വെള്ളം ഒഴിഞ്ഞുപോയിട്ടില്ല. മഴയില്‍ എടതിരിഞ്ഞി വടക്കുമുറി പട്ടാലി കൊച്ചുകുമാരന് ഭാര്യ ചിത്രലേഖയുടെ ഓടിട്ട വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ ക്യാമ്പില്‍ 20 ഓളം പേരാണുള്ളത്. മധുരംപിളളി, പറയന്‍കടവ് തുടങ്ങിയ മേഖലകളില്‍ വെളളക്കെട്ട് തുടരുകയാണെന്ന് അധികൃതര്‍ പറയുന്നു. പൂമംഗലം പഞ്ചായത്തില്‍ എടക്കുളം സ്കൂളിലെ ക്യാമ്പില്‍ അഞ്ചു കുടുംബങ്ങളില്‍ നിന്നായി 13 പേരാണുള്ളത്. പാടങ്ങളോടു ചേര്‍ന്നുള്ള വീടുകളാണ് വെള്ളക്കെട്ടിലുള്ളത്. വേളൂക്കര പഞ്ചായത്തില്‍ നടവരമ്പ് സ്കൂളിലെ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളില്‍ നിന്നായി ആറു പേരാണുള്ളത്. മുരിയാട് പഞ്ചായത്തില്‍ ചിമ്മിനി ഡാമില്‍ നിന്നുള്ള വെള്ളം എത്തിയതോടെ മുരിയാട് കായലിന്റെ കോന്തിപുലം ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ പറയുന്നു. പഞ്ചായത്തില്‍ നിലവില്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല. ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ വാര്‍ഡ് 17 ല്‍ മൂന്നു കുടുംബങ്ങളില്‍ നിന്നായി 17 പേര് 137 ാം നമ്പര്‍ അംഗന്‍വാടിയിലുണ്ട്. പീച്ചംപ്പിള്ളിക്കോണം കാരക്കടവ് കോളനി വെള്ളക്കെട്ടില്‍ ആയതോടെ മാപ്രാണം സ്കൂളില്‍ ക്യാമ്പ് ആരംഭിക്കാനുള്ള നടപടികളിലേക്ക് അധികൃതര്‍ കടന്നുകഴിഞ്ഞു. നഗരസഭയില്‍ മാപ്രാണം താഴത്ത് വീട്ടില്‍ തങ്കയുടെ ഓടിട്ട വീടിന്റെ ചുമര് തുടര്‍ച്ചയായ മഴയില്‍ തകര്‍ന്നിട്ടുണ്ട്. ഇവര്‍ ബന്ധുവീട്ടിലേക്ക് മാറിക്കഴിഞ്ഞു.