കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ഗണനയോടെ പരിഹാരം: മന്ത്രി ഡോ. ആര്. ബിന്ദു
കരുവന്നൂര്‍: ചികിത്സാ ആവശ്യമുള്ള കുടുംബത്തിന് മന്ത്രി ഡോ. ആര്. ബിന്ദു നിക്ഷേപത്തുക കൈമാറി. കരുവന്നൂര്‍ സഹകരണ ബാങ്ക് നിക്ഷേപകര്‍ കൂടിയായ ഇരിങ്ങാലക്കുട മാപ്രാണം തെങ്ങോലപ്പറമ്പില്‍ ജോസഫിന്റെ സെറിബ്രല്‍ പാള്‍സി രോഗബാധിതരായ രണ്ടു കുട്ടികളുടെ ചികിത്സക്കായി അവരുടെ നിക്ഷേപത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപയുടെ ചെക്ക് അടിയന്തിരമായി കൈമാറിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. മാപ്രാണത്തെ ജോസഫിന്റെ വസതിയിലെത്തിയാണ് മന്ത്രി ഡോ. ആര്. ബിന്ദു ചെക്ക് കൈമാറിയത്. കുട്ടികളുടെ അമ്മ റാണി ജോസഫിന്റെ പേരില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ സ്ഥിര നിക്ഷേപമായ ഏഴ് ലക്ഷത്തി മുപ്പതിനായിരം രൂപയില്‍ നിന്നാണ് അഞ്ചുലക്ഷം രൂപ കൈമാറിയത്. സഹകരണ പ്രസ്ഥാനം നാടിന്റെ ഏറ്റവും വലിയ സമ്പത്താണ്. അതിനെ കാത്തു സംരക്ഷിക്കേണ്ട കടമ ഈ സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ത്തന്നെ പ്രഖ്യാപിച്ചതാണ്. അതിനെത്തുടര്‍ന്ന് തയാറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ലഭ്യമായ എല്ലാ സാധ്യതകളും വിനിയോഗിച്ചുകൊണ്ട് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിനെ രക്ഷപ്പെടുത്താനുള്ള ആലോചനകളുടെ ഭാഗമാണ് ഈ ഇടപെടല്‍ എന്ന് മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. ജോസഫ് റാണി ദമ്പതികളുടെ മക്കള്‍ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നത് മനസിലാക്കി മുന്‍ഗണനയോടെ അവരുടെ നിക്ഷേപം തിരിച്ചു നല്‍കുകയാണ്. ഏറ്റവും പ്രയാസം അനുഭവിക്കുന്നവരെ ഏറ്റവുമാദ്യം സഹായിക്കുക എന്ന പ്രതിബദ്ധതയാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ശബരീനാഥന്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.ബി. ദേവരാജന്‍, പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ സി. സുരേഷ്, കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ടി.കെ. രവീന്ദ്രന് തുടങ്ങിയവര്‍ ചെക്ക് കൈമാറുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.