നഗരസഭ വാര്‍ഡ് 35 ല്‍ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ്
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 35 ല്‍ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ പൂനുള്ളല്‍ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹായത്തോടെ പത്ത് സെന്റ് സ്ഥലത്ത് 1000 ചെണ്ടുമല്ലി തൈകള്‍ നടുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പച്ചക്കറി കൃഷി ചെയ്ത് മിതമായ നിരക്കില്‍ ജൈവ പച്ചക്കറി പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്നു. അതുപോലെ ഓണത്തിനുള്ള പൂക്കളം ഇടാനുള്ള പൂവ് പ്രാദേശികമായി ഇവിടെ തന്നെ ഒരുക്കുകയായിരുന്നു. മണ്ണ് കിളച്ച് വാരം എടുത്തു ജൈവ വളം ഇട്ട് മള്‍ച്ചിംഗ് പൊതിഞ്ഞതിന് ശേഷം തൈകള്‍ നട്ട് ആധുനിക രീതിയിലാണ് കൃഷി ചെയ്തത്, തുടര്‍ച്ചയായി പെയ്ത മഴയെയും, കീടങ്ങളുടെയും ആക്രമണത്തെ അതിജീവിച്ചാണ് പൂ കൃഷി വിജയകരമായത്. തൊഴിലുറപ്പ് എന്‍ജിനീയര്‍ സിജിന്‍, നിത്യ, എഴുത്തുകാരന് ആര്.എല്‍. ജീവന്‍ലാല്‍, തൊഴിലുറപ്പ് മാറ്റ് ബീന കാടശേരി, സിഡിഎസ് മെമ്പര്‍മാര്‍ സുനിത പ്രദീപ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അംഗനവാടി ടീച്ചര്‍ ശോഭന സ്വാഗതവും വി.എസ.് സജി നന്ദിയും പറഞ്ഞു.