ഇരിങ്ങാലക്കുടയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിനേഷന്
ഇരിങ്ങാലക്കുട: വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള വാക്സിനേഷന് ക്യാമ്പുകള്‍ക്ക് ഇരിങ്ങാലക്കുട നഗരസഭയില്‍ തുടക്കമായി. നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് നിബന്ധനകള്‍ കടുപ്പിച്ചതിനെത്തുടര്‍ന്നാണ് ലൈസന്‍സും വാക്സിനേഷനും നിര്‍ബന്ധമാക്കിയത്. ഇതിനായി തിങ്കളാഴ്ച മൂന്നിടത്തായി നടത്തിയ ക്യാമ്പുകളില്‍ 105 നായ്ക്കള്‍ക്കും അഞ്ചു പൂച്ചകള്‍ക്കും കുത്തിവെപ്പെടുത്തു. പഴയ നഗരസഭ പ്രദേശങ്ങളായ കെഎസ്ആര്‍ടിസി പരിസരം, ടൗണ്‍ ഹാള്‍ പരിസരം, മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളിലാണ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോ. ആശയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, സുജാ സഞ്ജീവ് കുമാര്‍, ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ പങ്കെടുത്തു. 22ന് പൊറത്തിശേരി മേഖലയില്‍ രാവിലെ പത്ത് മുതല്‍ കരുവന്നൂര്‍ ബംഗ്ലാവ് പരിസരം, 11 മുതല്‍ അച്യുതന് നായര്‍ മൂല പരിസരം, 12 മുതല്‍ കണ്ടാരംതറ മൈതാനം പരിസരം എന്നിങ്ങനെ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നായ്ക്കള്‍ക്കും പൂച്ചയ്ക്കും വാക്സിനേഷന് 30 രൂപ വീതം ഈടാക്കും