ഇരിങ്ങാലക്കുടയില്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ കണ്വെന്ഷന്
ഇരിങ്ങാലക്കുട: സാംസ്കാരിക മേഖലയില്‍ ഇടതുപക്ഷത്തിന്റെ സാംസ്കാരിക ഫാസിസമാണ് നടക്കുന്നതെന്ന് ഇരിങ്ങാലക്കുടയില്‍ നടന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ കണ്വെന്ഷന്. സാംസ്കാരിക രംഗത്തുണ്ടാകുന്ന വിവാദങ്ങള്‍ പോലും തേഞ്ഞു മാഞ്ഞു പോകുന്ന വിധം ഇടതുപക്ഷത്തിന്റെ മാടമ്പിത്തരമാണ് സംസ്ഥാനത്തുടനീളം. ദേശീയ തലത്തില്‍ അസഹിഷ്ണുതയും വെറുപ്പും കരുവാക്കി ബിജെപി രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നു. ഈ സാഹചര്യത്തില്‍ നിഷ്പക്ഷരായ സാംസ്കാരിക പ്രവര്‍ത്തകര്‍ ആശയര്പ്പിക്കുന്നത് കോണ്‍ഗ്രസിലാണ്. അതിനാല്‍ രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കേണ്ടത് ഓരോ സാംസ്കാരിക പ്രവര്‍ത്തകന്റെയും കടമയായി മാറുകയാണെന്ന് സാംസ്കാരിക പ്രവര്‍ത്തകരുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത മുന്‍ എംപിയും മുതിര്‍ന്ന സാഹിത്യകാരിയുമായ പ്രഫ. സാവിത്രി ലക്ഷ്മണന് പറഞ്ഞു. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയര്മാന് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യുട്ടീവ് അംഗം എം.പി. ജാക്സണ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ സോണിയ ഗിരി, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, പി.കെ. ജിനന്, ടി.എസ്. പവിത്രന്, എം. സനല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി ഹരി ഇരിങ്ങാലക്കുട സ്വാഗതവും യുവ കവി അരുണ്‍ ഗാന്ധിഗ്രാം നന്ദിയും പറഞ്ഞു.