പഞ്ചാരിമേളപ്പെരുമ ഇരിങ്ങാലക്കുടവിളിച്ചോതി കൂടല്‍മാണിക്യം ഉത്സവം
ഇരിങ്ങാലക്കുട: കലകളുടെ ഉത്സവമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം പഞ്ചാരിപ്പെരുമയുടെ കൂടി ഉത്സവമാണ്. പഞ്ചാരിമേളം പിറന്നുവീണ കാലം മുതല്ക്കേ അതിനെ കൈപിടിച്ച് വളര്‍ത്തിയതില്‍ ഇരിങ്ങാലക്കുടയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ഇരിങ്ങാലക്കുട ഉത്സവം ് പഞ്ചാരിമേളത്തിന് അത്രയേറെ പ്രാധാന്യം നല്കുന്നു. വിസ്തരിച്ചുള്ള 16 പഞ്ചാരിമേളങ്ങളാണ് ആസ്വാദകഹൃദയങ്ങളെ മേളലഹരിയിലാഴ്ത്തി കൊട്ടികയറുക. കിഴക്കേ നടപ്പുരയില്നിന്നും ആരംഭിക്കുന്ന മേളം പടിഞ്ഞാറെ നടപ്പുരയില്‍ അവസാനിക്കുന്നിടത്ത് മേളം കൊട്ടുന്ന വേദിക്ക് പലതവണ മാറ്റങ്ങള്‍ സംഭവിക്കുന്നു. 15 ഉരുട്ടുചെണ്ടയും അതിന്റെ മൂന്നിരട്ടി വീക്കന്ചെണ്ടക്കാരും അത്രത്തോളം തന്നെ കൊമ്പുകാരും അണിനിരക്കുന്ന പഞ്ചാരിമേളം കൊടിപ്പുറത്ത് വിളക്ക് ദിവസം വിസ്തരിച്ചുള്ള വിളക്കാചാരത്തിനുശേഷമാണ് ആരംഭിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ശീവേലിക്കും രാത്രി വിളക്കിനും പഞ്ചാരിയുടെ നാദവിസ്മയങ്ങള്‍ 17 ആനയുടെ അകമ്പടിയോടെ എഴുന്നള്ളുന്ന സംഗമേശ്വരനു മുന്നില്‍ കൊട്ടിതിമിര്ക്കും. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലും ഒരേ താളത്തില്‍ സംയോജിപ്പിക്കുമ്പോള്‍ പഞ്ചാരിയുടെ ലഹരി കാതുകളിലൂടെ ഹൃദയത്തിലേക്കെത്തും. കേള്‍വിക്കാരന്റെ കയ്യും മെയ്യും അറിയാതെ താളത്തിനൊപ്പം ചലിച്ചുതുടങ്ങും. കേരളത്തിലെ ക്ഷേത്രങ്ങളില്‍ എല്ലാം ഈ താളവിസ്മയം അരങ്ങേറുമെങ്കിലും അതിന്റെ മാസ്മരികത അനുഭവിച്ചറിയണമെങ്കില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മാത്രമേ സാധിക്കൂ. തിരുവുത്സവത്തിന് പഞ്ചാരിമേളം പതികാലം കൊട്ടി ആരംഭിക്കുക കിഴക്കേ നടപ്പുരയിലാണ്. 15 ഗജവീരന്മാരുടെയും രണ്ട് കുട്ടികൊമ്പന്മാരുടെയും ആലവട്ടങ്ങളുടെയും വെണ്ചാമരങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളി നില്ക്കുന്ന സംഗമേശന്റെ തിരുമുമ്പില്‍ സൗമ്യദീപ്തമായ നാദധാരയായി പതികാലം എന്ന് പറയപ്പെടുന്ന പഞ്ചാരിമേളത്തിന്റെ ഒന്നാം കാലത്തിന് മേളപ്രമാണി കാലമിടും. ഉരുട്ടുചെണ്ടക്കാര് വലം കയ്യിലെ കോലുകൊണ്ട് കാലം ഇട്ടുകഴിഞ്ഞാല്‍ കുറുംകുഴലില്‍ രാഗവിസ്താരം ആരംഭിക്കും. പതികാലത്തില്‍ ഇടതുകയ്യും വലതുകയ്യിലെ കോലും കൊണ്ട് ഉരുട്ടുചെണ്ടയില്‍ നിന്നും ഉയരുന്ന നാദധ്വനികള്ക്കൊപ്പം കുറുംകുഴലില്‍ ശങ്കരാഭരണം രാഗവിസ്താരം ആസ്വാദകഹൃദയങ്ങളില്‍ കുളിര്‍മഴയായി പെയ്തിറങ്ങും. അഞ്ചു കാലങ്ങളുള്ള പഞ്ചാരിമേളത്തിന്റെ ഒന്നാം കാലം കിഴക്കേ നടപ്പുരയില്‍ അവസാനിപ്പിച്ച്, നടപ്പുരയില്നിന്നും പുറത്തേക്ക് കടന്നുനിന്നാണ് പഞ്ചാരിയുടെ രണ്ടാം കാലം കൊട്ടികയറുന്നത്. തെക്കേനടയില്‍ രണ്ടാം കാലം അവസാനിപ്പിച്ച് മൂന്നാം കാലത്തിനായി കയ്യും കോലും ചെണ്ടയില്‍ വീഴുമ്പോള്‍ ആകാശത്തിനു കീഴില്‍ കൂടല്‍മാണിക്യസ്വാമിയുടെ തെക്കേ നടയില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യന്റെ വര്‍ണശോഭയാല്‍ ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും പട്ടുകുടകളുമായി നില്ക്കുന്ന ഗജവീരന്മാര് പഞ്ചാരിയുടെ താളത്തില്‍ ചെവിയാട്ടി നില്ക്കുന്നുണ്ടാകും. മേളപ്പകിട്ടോടെ നില്ക്കുന്ന കലാകാരന്മാരും ചമയപ്പകിട്ടോടെ നില്ക്കുന്ന ഗജവീരന്മാരും ചേര്‍ന്ന് ആസ്വാദകരെ വശ്യതയുടെ ലഹരിയിലാഴ്ത്തി തെക്കേനടയില്‍ നിന്നും പടിഞ്ഞാറെ നടപ്പുരയിലേക്ക് ആനയിക്കും. മൂന്നാം കാലം അവസാനിപ്പിച്ച് നാലാം കാലം കൊട്ടിതുടങ്ങിയതിനുശേഷമാണ് പടിഞ്ഞാറെ നടപ്പുരയിലേക്ക് കയറുക. നാലാം കാലം അവസാനിപ്പിച്ച് അഞ്ചാം കാലത്തിലേക്ക് കടക്കുമ്പോഴേക്കും ഉച്ചത്തില്‍ കത്തിനില്‍ക്കുന്ന മേടവെയില്‍ അതിന്റെ ഉച്ചസ്ഥായിയിലേക്ക് എത്തിയിട്ടുണ്ടാകും. മേടച്ചൂടിന്റെ കാഠിന്യം വകവെയ്ക്കാതെ പടിഞ്ഞാറെ നടപ്പുര കാണികളുടെ കടലായി മാറിയിട്ടുണ്ടാകും. ഇന്നലെ രാവിലെ നടന്ന ശീവേലിക്ക് പാറമേക്കാവ് കാശിനാഥന് തിടമ്പേറ്റി. വിളക്കിന് ഉഷഥ്രീ ശങ്കരന്‍കുട്ടി തിടമ്പേറ്റി. പെരുവനം സതീശന് മാരാര്‍ ആയിരുന്നു മേളപ്രമാണി.
ഏഴാം ഉത്സവം; കൂടല്‍മാണിക്യത്തില്‍ ഇന്ന്
(സ്പെഷല്‍ പന്തലില്‍)
ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 2.30 വരെ തിരുവാതിരക്കളി. 2.30 മുതല്‍ 3.30 ചെന്നൈ അശ്വതി കെ. സുരേഷ് അവതരിപ്പിക്കുന്ന ഭരതനാട്യം. 3.30 മുതല്‍ നാല് വരെ മോഹിനിയാട്ടം, നാല് മുതല്‍ 4.30 വരെ ഇരിങ്ങാലക്കുട ഹിമ ജിബിന്‍ അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീതം. 4.30 മുതല്‍ അഞ്ച് വരെ ആലപ്പുഴ വി.വി. അണിമ അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീതം. അഞ്ച് മുതല്‍ ആറ് വരെ നൃത്തനൃത്യങ്ങള്‍, ആറു മുതല്‍ ഭരതനാട്യം. വൈകീട്ട് 7.30 മുതല്‍ 8.30 വരകെ കഥക് നൃത്തം. 8.30 മുതല്‍ 9.30 വരെ സുരേഷ് എടക്കുളം അവതരിപ്പിക്കുന്ന കുച്ചിപ്പുടി. 9.30 മുതല്‍ 10.30 വരെ ഇരിങ്ങാലക്കുട കലാക്ഷേത്ര വിനീത അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം. രാത്രി 12ന് കഥകളി-നളചരിതം രണ്ടാം ദിവസം. രാവിലെ 8.30 മുതല്‍ ശീവേലി, രാത്രി 9.30 മുതല്‍ വിളക്ക്. ശീവേലിക്കും വിളക്കിനുമുള്ള പഞ്ചാരിമേളത്തിന് കിഴക്കൂട്ട്് അനിയന് മാരാര്‍ പ്രമാണം വഹിക്കും.
(സംഗമം വേദി)
ഉച്ചകഴിഞ്ഞ് 1.45 മുതല്‍ നാല് വരെ തിരുവാതിരക്കളി, നാല് മുതല്‍ 4.45 വരെ കൊടകര സീമ ദിവിന് അവതരിപ്പിക്കുന്ന ഭരതനാട്യം, 4.45 മുതല്‍ 5.30 വരെ ദിവ്യ അനീഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, 5.30 മുതല്‍ 6.30 വരെ ശാസ്ത്രീയ നൃത്തം, 6.30 മുതല്‍ ഏഴ് വരെ മോഹിനിയാട്ടം, ഏഴ് മുതല്‍ എട്ട് വരെ ചന്ദ്രലേഖ ചെന്നൈ അവതരിപ്പിക്കുന്ന കുച്ചിപ്പുടി. എട്ട് മുതല്‍ ഒമ്പത് വരെ നൃത്തശില്പം, ഒമ്പത് മുതല്‍ പത്ത് വരെ കളരി ആന്‍ഡ് തെയ്യം നൃത്തശില്പം.