വിവിധ സ്ഥാപനങ്ങളിൽ വായനാദിനാചരണങ്ങള്‍ സംഘടിപ്പിച്ചു
ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍
ഇരിങ്ങാലക്കുട: ദേശീയ വായനാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വായനാദിന റാലി നടത്തി. ഇംഗ്ലീഷ് , ഹിന്ദി, മലയാളം സാഹിത്യകാരന്മാരുടെ വചനങ്ങളും ചിത്രങ്ങളും ഒട്ടിച്ച പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ റാലി നടത്തിയത്. വായനയെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും സ്വയം വായനയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ റാലി ലക്ഷ്യമിട്ടത്. ഹരികൃഷ്ണന് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ വായനാ പ്രാധാന്യമുള്ള വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കണ്‍വീനര്‍ പ്രേംലത മനോജ്, ശാരിക ജയരാജ്, കെ.സി. ബീന, കൃതിക, അനീഷ എന്നിവര്‍ നേതൃത്വം നല്കി.
എടത്തിരുത്തി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍
എടത്തിരുത്തി: സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ വായനാദിനത്തോടനുബന്ധിച്ച് അക്ഷരദീപം മിഴിതുറന്നു പരിപാടി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഡയറ്റ് ഫാക്കല്‍റ്റി എന്‍.എസ്. വിനീജ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മരിയറ്റ്, കുമാരി ആബാ, കുമാരി ആദിലക്ഷ്മി, കുമാരി ഹുസ്ന എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വായനാദിന കലാപരിപാടികള്‍ വിജ്ഞാനപ്രദവും വിനോദാത്മകവുമായിരുന്നു. വിദ്യാലയത്തിലെ കൊച്ചു ചിത്രകാരി ഫര്‍ഹാന റെജിനെ ആദരിച്ചു. ചിത്രപ്രദര്‍ശനം നടത്തി. വിദ്യാലയത്തിലെ പ്രാര്‍ഥന എന്ന കുട്ടിയുടെ അമ്മ സിന്ധു സുനില്‍ രചിച്ച അമ്മ കുപ്പായം എന്ന കവിതാ സമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്തു.
വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: വായന പക്ഷാചരണം ജില്ലാ തല ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിച്ചു. സ്കൂളില്‍ സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സി. അംഗം പി. തങ്കം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് രാജന് നെല്ലായി ചടങ്ങില്‍ ആമുഖ കവിത ആലപിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജാസഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. വായന പക്ഷാചരണം തീം സോങ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം പുറത്തിറക്കി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് എസ്. ഷാജി ഏറ്റുവാങ്ങി. ടി.കെ. ഗംഗാധരന് എഴുതിയ നോവല്‍ നിഴല്‍ നൃത്തം സാംസ്കാരിക പ്രവര്ത്തകന് ഇ. ഡി. ഡേവിസിന് ഖാദര്‍ പട്ടേപ്പാടത്തിന് നല്കി പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ ബക്കര്‍ മേത്തല വായനാദിന സന്ദേശം നല്കി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കവിതാലാപനം ഉണ്ടായിരുന്നു. ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ വി.കെ. ഹാരിഫാബി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി. ബാബുരാജ്, ഇരിങ്ങാലക്കുട ബോയ്സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എം.കെ. മുരളി, ബോയ്സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ. ലത തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി ജില്ലാ കണ്‍വീനര്‍ വി.കെ. ഹാരി ഫാബി സ്വാഗതവും ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി കെ.ജി. മോഹനന് നന്ദിയും പറഞ്ഞു.
ലിറ്റില്‍ ഫഌര്‍ ഹൈസ്കൂളില്‍ വായന മാസാചരണത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫഌര്‍ ഹൈസ്കൂളില്‍ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു. യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ അരുണ്‍ ഗാന്ധിഗ്രാം ‘കുഞ്ഞിക്കയ്യില്‍ ഒരു പുസ്തകം’ നല്കി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ നവീന അധ്യക്ഷപദം അലങ്കരിക്കുകയും ‘അക്ഷരക്കൂട് ‘എന്ന നൂതന സംരംഭത്തിന് ആരംഭം കുറിക്കുകയും പിടിഎ പ്രസിഡന്റ് ജെയ്സണ്‍ കരപറമ്പില്‍ ആശംസകള്‍ അര്‍പ്പിക്കുകയും കുട്ടികള്‍ക്ക് വായനയ്ക്ക് പുതിയ സാധ്യതകള്‍ ഒരുക്കുന്ന ‘ഓപ്പണ്‍ ലൈബ്രറി ‘ഔപചാരികമായി പ്രകാശനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തില്‍ കവിതാലാപനം, പ്രസംഗം, ദൃശ്യാവിഷ്കാരം എന്നിവയും നടന്നു.
നിപ്മറില്‍ വായനദിനം ആചരിച്ചു
കല്ലേറ്റുംകര: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനദിനം ആചരിച്ചു. കേരള സാഹിത്യ അക്കാദമി മുന്‍ ലൈബ്രേറിയന്‍ ഡോ.കെ. രാജേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് ഓഫീസര്‍ ഡോ.കെ. വിജയലക്ഷ്മി അമ്മ, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി വി.എസ്. ശ്രീജ, ലൈബ്രേറിയന്‍ കെ. ദിലീപ്, അസിസ്റ്റന്റ് ലൈബ്രേറിയന്‍ ധന്യ ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളില്‍ ലെക്ട്യൂറ 23
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വായനയുടെ പുതിയ തലമൊരുക്കിയ ലെക്ട്യൂറ 23 അധ്യാപികയും ലോക്സഭാംഗവും ആയിരുന്ന പ്രഫ. സാവിത്രി ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വ്യത്യസ്ത ക്ലബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒപി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി കോഡിനേറ്റര്‍ ഫെമി സേവിയര്‍ എന്നിവര്‍ പ്രസംഗിച്ചു.
സിഎംഎസ് എല്‍പി സ്കൂളില്‍ വായനാദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: സിഎംഎസ് എല്‍പി സ്കൂളില്‍ വായനാദിനം ആഘോഷിച്ചു. സെന്റ് ജോസഫ്സ് കോളജ് സ്റ്റഡി സെന്ററിന്റെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീല കുര്യാക്കോസ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ഷൈജി ആന്റണി, ഇരിങ്ങാലക്കുട ബിപിസി കെ.ആര്. സത്യപാലന്, കെ.പി. അശ്വതി എന്നിവര്‍ പ്രസംഗിച്ചു. കുട്ടി ലൈബ്രേറിയന്‍ നേതൃത്വം നല്കുന്ന സ്കൂള്‍ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. സ്കൂള്‍ ലൈബ്രറിയുടെ വികസനത്തിനായി ലൈബ്രറി പുസ്തകങ്ങള്‍ കുട്ടികളും രക്ഷിതാക്കളും സമാഹരിച്ച് പിടിഎ പ്രസിഡന്റ് രാജി രാജേഷ് പ്രധാന അധ്യാപികയായ ഷൈജി ആന്റണിക്ക് കൈമാറി.
നോവ വായന വാരാചരണം ആരംഭിച്ചു
ഇരിങ്ങാലക്കുട: വായന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് ഓള്‍ഡ് വളണ്ടിയേഴ്സ് അസോസിയേഷന് നോവയുടെ നേതൃത്വത്തില്‍ വായന വാരാചരണം ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് സംഘടിപ്പിച്ചു. വായന വാരാചരണം ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് മുന്‍ ക്യാപ്റ്റന്‍ ടെല്‍സണ്‍ കോട്ടോളി ഉദ്ഘാടനം ചെയ്തു. നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗ്രന്ഥശാല പ്രവര്ത്തകന് ബാബുരാജ് കൊടകര സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ ബിന്ദു ജോണിന് പുസ്തകങ്ങള്‍ കൈമാറി. പിടിഎ പ്രസിഡന്റ് വി.വി. റാല്‍ഫി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.ആര്. ധന്യ, ശ്രീകല ടീച്ചര്‍, മഹാത്മ ഗാന്ധി ലൈബ്രറി വൈസ് പ്രസിഡന്റ് സോണി അജിത് എന്നിവര്‍ പ്രസംഗിച്ചു.
വായനാദിനം സെന്റ് ജോസഫ്സില്‍ തിരക്കിട്ട പരിപാടികള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നടത്തുന്ന പരിപാടിയാണ് ‘സ്കൂള്‍ ലൈബ്രറിക്കൊരു കൈത്താങ്ങ്’. ഇതിന്റെ ഭാഗമായി മുകുന്ദപുരം സ്കൂളിലേക്കാണ് തങ്ങള്‍ സമാഹരിച്ച പുസ്തകങ്ങളുമായി വായനയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതിക്കൊണ്ട് ഈ സന്നദ്ധസേന എത്തിച്ചേര്‍ന്നത്. സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥികളുടെ അസോസിയേഷന് നേതൃത്വം നല്കിയ പരിപാടിയാണ് അര്‍ത്ഥ ശാസ്ത്ര. ചാണക്യന്റെ ചാണക്യസൂത്രം എന്ന ഗ്രന്ഥപാരായണവും സ്പോട്ട് ക്വിസും ഇതിന്റെ ഭാഗമായി നടന്നു. ഇംഗ്ലീഷ് സ്വാശ്രയ വിഭാഗം നടത്തുന്ന അടിപൊളി മത്സരമാണ് ബുക്ക് റീല്‍സ്. ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെപ്പറ്റി ഒരു റീല്‍ ചെയ്യണം. അത് സ്വന്തം ഇന്‍സ്റ്റയിലോ എഫ്ബി യിലോ പങ്കുവയ്ക്കണം. മികച്ചതിനു സമ്മാനം.
ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന പരിപാടിയില്‍ പ്രിയപ്പെട്ട എഴുത്തുകാരനെ കുറിച്ച് സംസാരിക്കുന്ന ഒരു ഹ്രസ്വവീഡിയോ പങ്കു വയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനം. 21 ാം തിയതി വരെ എന്‍ട്രികള്‍ അയക്കാം. കോമേഴ്സ് വിഭാഗം സംഘടിപ്പിക്കുന്നത് വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് ഒരു അവലോകനം നടത്തുന്ന മത്സരമാണ്.