ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19 ന് സെന്റ് തോമസ് കത്തീഡ്രല്‍
ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19 ന് സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ ഏഴ് കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകള്‍ നടക്കും ഇരുപത്തയ്യായിരം പേര് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് പെന്തക്കോസ്ത തിരുനാള്‍ ദിനമായ മെയ് 19ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു. കേരള സഭയുടെ നവീകരണത്തിന്റെ ഭാഗമായും ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായും ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നു. ഒന്നായി ഒരു ഹൃദയമായി ദിവ്യകാരുണ്യത്തിലേക്ക് എന്ന ആപ്തവാക്യവുമായി ദിവ്യകാരുണ്യം ജീവകാരുണ്യം എന്ന വലിയ സന്ദേശവുമായി ദൈവജനം മുഴുവന്‍ നാഥന്റെ സന്നിധിയില്‍ അണി ചേരുന്ന അനുഗ്രഹത്തിന്റെ ദിനമാണന്ന്. പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ദൈവം ജീവന്റെ അപ്പമായിട്ടുള്ള വിശുദ്ധ കുര്‍ബ്ബാനയില്‍ സജീവമായിട്ട് സന്നിഹിതനായിരിക്കുന്നു എന്നുള്ള വിശ്വാസ പ്രഖ്യാപനമാണിത്. രൂപതയിലെ അറുപതിനായിരത്തോളം കുടുംബങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തയ്യായിരം പേര് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും. രാവിലെ 9.30 ന് രജിസ്ട്രേഷന് ആരംഭിക്കും.
കത്തീഡ്രല്‍ സ്റ്റേജിന് മുന്‍ വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തല്‍, സിയോണ്‍ ഹാള്‍, പാരിഷ് ഹാള്‍, ഡോണ്‍ ബോസ്കോ സ്കൂള്‍, സെന്റ് ജോസഫ്സ് കോളജ് ഓഡിട്ടോറിയം, സെന്റ് ജോസഫ്സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ബിഷപ്സ് ഹൗസ്, തുടങ്ങി ഏഴ് കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകള്‍ നടക്കും ക്ലാസുകള്‍ക്ക് ഫാ. ഡേവിസ് ചിറമ്മല്‍, ഫാ. ജോയ് ചെഞ്ചേരില്‍, റവ.ഡോ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. ജോസഫ് പുത്തന്‍ പുരക്കല്‍, ശശി ഇമ്മാനുവേല്‍, ഫാ. എലിയാസ് ഒഎഫ്എം, ഫാ. ജെയിംസ് പള്ളിപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. വൈദികര്‍ സന്യസ്തര്‍, അമ്മമാര്‍, യുവജനങ്ങള്‍, മതാധ്യാപകര്‍, കുട്ടികള്‍, യുവദമ്പതികള്‍, കൈക്കാരന്മാര്, ഇടവകപ്രതിനിധികള്‍, കുടുംബ സമ്മേളന ഭാരവാഹികള്‍ എന്നിങ്ങനെ തരം തിരിച്ച് ഏഴ് സ്ഥലങ്ങളിലായി രാവിലെ നടക്കുന്ന ദിവ്യകാരുണ്യ സെമിനാറുകള്‍ക്ക് ഇടവകകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പതിനായിരം പേര് പങ്കെടുക്കും. കത്തീഡ്രല്‍ പള്ളിയങ്കണത്തിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിലെ പ്രധാന വേദിയില്‍ രാവിലെ 10.30 ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് പാനിക്കുളം ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത മെത്രാന് ബിഷപ് മാര്‍ അംബ്രോസ് പുത്തന്‍ വീട്ടില്‍ ദിവ്യകാരുണ്യ അനുഭവം പങ്ക് വെക്കും.
രാവിലത്തെ സെമിനാറുകള്‍ക്കും ഭക്ഷണത്തിനും ശേഷം എല്ലാവരും കത്തീഡ്രല്‍ പള്ളിയങ്കണത്തിലെ പ്രധാന വേദിയിലേക്ക് എത്തിചേരും. ഉച്ചക്ക് 1.30 മുതല്‍ ദിവ്യകാരുണ്യ ആരാധനക്ക് ഫാ. അഗസ്റ്റിന് വല്ലൂരാന് വിസി നേതൃത്വം നല്‍കും തൃശൂര്‍ അതിരൂപത സഹായ മെത്രാന് ബിഷപ്. മാര്‍ ടോണി നീലങ്കാവില്‍ ദിവ്യകാരുണ്യ ആരാധനയുടെ ആശിര്‍വാദം നിര്‍വഹിക്കും. 2.30 മുതല്‍ ആലോഷമായ വിശുദ്ധ കുര്‍ബാനക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും പാലക്കാട് രൂപത മെത്രാന് ബിഷപ്. മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ വചന സന്ദേശം നല്‍കും നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണം കത്തീഡ്രല്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച് ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷന്, പ്രൊവിഡന്‍സ് ഹൗസ് വഴി ഠാണാവിലൂടെ കത്തീഡ്രല്‍ പള്ളിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് ദിവ്യകാരുണ്യ ആശിര്‍വാദത്തോടെ ദിവ്യ കാരുണ്യ കോണ്‍ഗ്രസ് സമാപിക്കും.
ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കമയി വ്യക്തികളും കുടുംബങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ച് അഞ്ച് ലക്ഷം ജപമാല ചൊല്ലും. രൂപതയുടെ സ്പിരിച്ച്വാലിറ്റി സെന്ററില്‍ 40 മണിക്കൂര്‍ ആരാധനയില്‍ വിശ്വാസികള്‍ പങ്കെടുത്തു. ആളൂര്‍ ബിഎല്‍എം കപ്പേളയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ മെയ് ഒന്ന് മുതല്‍ അഖണ്ഡആരാധന ആരംഭിച്ചു. മെയ് 15 വരെ തുടരും. രൂപതയിലെ 141 ഇടവകകളിലേക്ക് ദിവ്യാകാരുണ്യ സന്ദേശയാത്ര നടത്തി മെയ് 12 ന് ഇടവകകളിലും ഭവനങ്ങളിലും പേപ്പല്‍ പതാക ഉയര്‍ത്തി. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഒരുക്കള്‍ പൂര്‍ത്തിയായതായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി, ദിവ്യാകാരുണ്യ കോണ്‍ഗ്രസ് ജോയിന്റ് കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍ എന്നിവര്‍ പങ്കെടുത്തു.
പങ്കെടുക്കുന്നവര്ക്കുന്നവരുടെ വാഹനങ്ങളുടെ പാര്‍ക്കിംഗ്
ഇരിങ്ങാലക്കുട: രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് നാളെ ഇരിങ്ങാലക്കുട ഠാണാ റോഡില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വരുന്ന വാഹനങ്ങളുടെ നിയന്ത്രണ ക്രമീകരണങ്ങള്‍ ഇപ്രകാരമായിരിക്കും. മാള മേഖലയില്‍ നിന്നു വരുന്ന വാഹനങ്ങള്‍, നടവരമ്പ് സെന്റ് ജോസഫ് കോളജ് ചന്തക്കുന്ന് ഠാണാവിലൂടെ ഡോണ്‍ ബോസ്കോ വഴിയിലൂടെ തിരികെ സെന്റ് ജോസഫ് കോളജ് പരിസരത്ത് പാര്‍ക്ക് ചെയ്യുന്നു. ചാലക്കുടി മേഖലയില്‍നിന്നും വരുന്ന വാഹനങ്ങള്‍ ഡോണ്‍ ബോസ്കോ സൗത്ത് ബസാര്‍ (പാലാട്ടി ബില്‍ഡേഴ്സ് റോഡ്) വഴി സെന്റ് ജോസഫ് കോളജ് കത്തീഡ്രലില്‍ പ്രവേശിച്ച് ഡോണ്‍ ബോസ്കോ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്നു. ഇരിങ്ങാലക്കുട മേഖലയിലെ മതിലകം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചന്തക്കുന്ന് മൂന്നു പിടിക വഴിയിലൂടെ കത്തീഡ്രല്‍ കണ്വെന്ഷന് സെന്ററന്റെ പുറകിലുള്ള ഗ്രൗണ്ടിലും, ഇരിങ്ങാലക്കുട ഫൊറോനയിലെ വാഹനങ്ങള്‍ കൊല്ലാട്ടി അമ്പല ഗ്രൗണ്ടിലും, കല്‍പ്പറമ്പ് ഫെറോനയിലെ വാഹനങ്ങള്‍ സെന്റ്.ജോസഫ് കോളജ് പരിസരത്തും പാര്‍ക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. പറപ്പൂക്കര ഫൊറോനയില്‍ നിന്നുമുള്ള വാഹനങ്ങള്‍ക്ക് തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡിലൂടെ പുതകുളം ഗ്രൗണ്ടിലും, ബൈപാസ് റോഡിന്റെ വശങ്ങളിലുമാണ് പാര്‍ക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.
നാളെ രാവിലെ 9:30 മുതല്‍ 10:30 വരെയും വൈകീട്ട് നാല് മുതല്‍ 6:30 വരെയും ഠാണാ ചന്തക്കുന്ന് ഭാഗത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കും.
ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട് ഫിലിം-സന്തോഷത്തിന്റെ കാവല്ക്കാരന് പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാര്‍ത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോര്‍ട് ഫിലിം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകശനം ചെയ്തു. രൂപത മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഷോര്‍ട് ഫിലിം സംവിധായകന് പ്രിന്‍സ് ഡേവീസ് തെക്കൂടന്‍, ക്യാമറാമാന് അഖില്‍ റാഫേല്‍, പ്രഥാന കഥാപാത്രം ചെയ്ത ഷോണി തെക്കൂടന്‍, പ്രൊഡൂസര്‍ ആനി ഡേവീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. കരുവന്നൂര്‍ , ചെറിയ പാലം, ഇരിങ്ങാലക്കുട, എടത്തിരുത്തി എന്നിവിടങ്ങളിലാണ് പ്രഥാനമായും ചിത്രീകരണം നടന്നത്. ജോസ് ഇലഞ്ഞിക്കലാണ് കോ. പ്രൊഡൂസര്‍, എഡിറ്റര്‍ വിബിന് മാത്യു, സൗണ്ട് ഡിസൈന്‍ സിനോജ് ജോസ്, പോസ്റ്റര്‍ ഡിസൈന്‍ ഐബി മൂര്‍ക്കനാട്. പരിയാരം ഇടവക വികാരി ഫാ. വില്സന് എലുവത്തിങ്കല്‍ കൂനന്‍ ഇതില്‍ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു വൈദികന്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും സന്യസ്തരെയും അല്മായരെയും സ്വാധീനിക്കുന്ന ചില വിശുദ്ധ വിചാരങ്ങള്‍കൂടി ഫിലിമിലുള്പ്പെടുത്തിയിട്ടുണ്ട്. ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന രൂപതയില്‍ ഇത്തരത്തില്‍ ഒരു ഫിലിം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് സംവിധായകന് കൂട്ടിചേര്‍ത്തു.സംവിധായകന് പ്രിന്‍സ് ഡേവീസ് തെക്കൂടന്‍ കൊടകര സഹൃദയ ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജില്‍ മീഡിയ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. ഇന്ന് ജോസഫ് ഡ്രീംസ് എന്ന യൂടൂബ് ചാനലില്‍ ഫിലിം പുറ്തിറങ്ങും.
ഇരിങ്ങാലക്കുട രൂപത ദിവ്യ കാരുണ്യകോണ്ഗ്രസ്; തീം സോംഗ് പ്രകാശനം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത ദിവ്യ കാരുണ്യ കോണ്‍ഗ്രസിന്റെ തീം സോംഗ് പ്രകാശനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍ ജോസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, കത്തിഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ദിവ്യകാരുണ്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍, ജോ. കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, ഫാ. റിജു ആലപ്പാട്ട്, ഫാ. ജില്‍സണ്‍ പയ്യപ്പിള്ളി, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.