ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഇന്ന് സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍
ഏഴ് കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകള്‍ നടക്കും
ഇരുപത്തയ്യായിരം പേര് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും
ഇരിങ്ങാലക്കുട: ചലിക്കുന്ന സക്രാരി എന്നറിയപ്പെടുന്ന വിശുദ്ധ എവുപ്രസ്യമ്മ ജനിച്ച മണ്ണ്. സക്രാരിയുടെ മുമ്പിലെ കെടാവിളക്കായ വിശുദ്ധ മറിയം ത്രേസ്യയുടെ നാട്. ഇരിങ്ങാലക്കുട രൂപത വരും തലമുറയ്ക്കായി സുവര്‍ണ ലിഖിതമായി എഴുതപ്പെടുന്ന പുണ്യദിനം, മാസങ്ങളും ആഴ്ച്ചകളും നീണ്ടുനിന്ന പ്രാര്‍ഥനയുടെ ആരാധനയുടെ അഖണ്ഡ ജപമാലയുടെ പരിസമാപ്തി. ഒന്നായി ഒരു ഹൃദയമായി ദിവ്യകാരുണ്യത്തിലേക്ക് എന്ന ആപ്തവാക്യവുമായി ദിവ്യകാരുണ്യം ജീവകാരുണ്യം എന്ന വലിയ സന്ദേശവുമായി ദൈവജനം മുഴുവന്‍ നാഥന്റെ സന്നിധിയില്‍ അണിചേരുന്ന അനുഗ്രഹത്തിന്റെ ദിനമാണിന്ന്.
പെന്തക്കുസ്ത തിരുനാള്‍ ദിനമായ ഇന്ന് ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് നടക്കും. കേരള സഭയുടെ നവീകരണത്തിന്റെ ഭാഗമായും ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണ ജൂബിലിക്ക് ഒരുക്കമായുമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ദൈവം ജീവന്റെ അപ്പമായിട്ടുള്ള വിശുദ്ധ കുര്‍ബ്ബാനയില്‍ സജീവമായിട്ട് സന്നിഹിതനായിരിക്കുന്നു എന്നുള്ള വിശ്വാസ പ്രഖ്യാപനമാണിത്. രൂപതയിലെ അറുപതിനായിരത്തോളം കുടുംബങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തയ്യായിരം പേര് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും. രാവിലെ 9.30ന് രജിസ്ട്രേഷന് ആരംഭിക്കും. 10ന് ഗാനശുശ്രൂഷ പ്രാര്‍ഥന, 10.30ന് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും.
10.45ന് കത്തീഡ്രല്‍ സ്റ്റേജിന് മുന്‍ വശത്ത് പ്രത്യേകം തയാറാക്കിയ പന്തല്‍, സിയോണ്‍ ഹാള്‍, പാരിഷ് ഹാള്‍, ഡോണ്‍ ബോസ്കോ സ്കൂള്‍, സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയം, സെന്റ് ജോസഫ്സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ബിഷപ്സ് ഹൗസ് തുടങ്ങി ഏഴ് കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകള്‍ നടക്കും. ക്ലാസുകള്‍ക്ക് ഫാ. ഡേവിസ് ചിറമ്മല്‍, ഫാ. ജോയ് ചെഞ്ചേരിയില്‍, റവ.ഡോ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. ജോസഫ് പുത്തന്‍പുരക്കല്‍, ശശി ഇമ്മാനുവേല്‍, ഫാ. ഏലിയാസ് ഒഎഫ്എം, ഫാ. ജെയിംസ് പള്ളിപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. കോട്ടപ്പുറം രൂപ ബിഷപ് റൈറ്റ് റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ദിവ്യകാരുണ്യ അനുഭവം പങ്കുവെയ്ക്കും. 12.30ന് ഭക്ഷണം.
1.30 ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനക്ക് ഫാ.ഡോ. അഗസ്റ്റിന് വല്ലൂരാന് വിസി നേതൃത്വം നല്‍കും. തൃശൂര്‍ അതിരൂപത സഹായ മെത്രാന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ ദിവ്യകാരുണ്യ ആശീര്‍വാദം നിര്‍വഹിക്കും. 2.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ വചനസന്ദേശം നല്‍കും. വൈകീട്ട് നാല് മുതല്‍ 5.30വരെ ദിവ്യകാരുണ്യപ്രദക്ഷിണം കത്തീഡ്രല്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച് ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷന്, പ്രൊവിഡന്‍സ് ഹൗസ് വഴി ഠാണാവിലൂടെ കത്തീഡ്രല്‍ പള്ളിയില്‍ തിരിച്ചെത്തും. 5.30ന് ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിക്കും.
ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുങ്ങി നഗരം;
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദ്യമായി നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്ന സെന്റ് തോമസ് കത്തീഡ്രലും നഗരവും ഒരുങ്ങി. ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതി ആരാധനകള്‍ അര്പ്പി്കാനും ദൈവാനുഭവങ്ങള്‍ പങ്കുവെക്കാനും വിശ്വാസം പ്രഘോഷിക്കാനുമായി പതിനായിരങ്ങളാണ് ഇന്ന് ഇരിങ്ങാലക്കുടയില്‍ എത്തിച്ചേരുന്നത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സെമിനാറുകള്‍ നടക്കുന്ന ഏഴ് കേന്ദ്രങ്ങളിലും വിശ്വാസികള്‍ക്കായി പന്തലുകള്‍ ഒരുങ്ങികഴിഞ്ഞു. ദിവ്യകാരുണ്യ പ്രദക്ഷിണം കടന്നുപോകുന്ന വഴികളില്‍ തോരണങ്ങളും പേപ്പല്‍ പതാകകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ചന്തക്കുന്ന് വഴി ചന്ദ്രിക ജംഗ്ഷനിലെത്തി ദൈവപരിപാലന ഭവനത്തിനു മുന്നിലൂടെ മെയിന്‍ റോഡു വഴി ഠാണ ജംഗ്ഷനിലെത്തി കത്തീഡ്രല്‍ പള്ളിയില്‍ 5.30 ന് സമാപിക്കും.
രൂപതയിലെ 141 ഇടവകകളെ സൂചിപ്പിച്ചുകൊണ്ട്, 141 പൊന്‍കുരിശുകളും പേപ്പല്‍ പതാകകള്‍ക്കു പിന്നില്‍ ഓപ്പയും മോറിസും ധരിച്ച ദര്‍ശന സഭാംഗങ്ങളും ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ കുഞ്ഞുങ്ങള്‍, അവരുടെ ആദ്യകുര്‍ബാന സ്വീകരണ വേഷത്തില്‍ അണിനിരക്കും. കോണ്ഗ്രിഗേഷന് അടിസ്ഥാനത്തില്‍ സിസ്റ്റേഴ്സ്. തൊട്ടുപുറകില്‍ ധൂപക്കുറ്റിയും ചെറുമണികളുമായി അള്‍ത്താര സംഘക്കാരും ഉണ്ടാകും. ഇവര്‍ക്കു പിറകില്‍ വെള്ള ഉടുപ്പ് ധരിച്ച ചിറകുകളുമാി തലയില്‍ കിരീടം ചൂടിയ കയ്യില്‍ സ്റ്റാര്‍ വടിയും പിടിച്ച് കുഞ്ഞുമാലാഖമാരും ഉണ്ടാകും. തുടര്‍ന്ന് ദിവ്യകാരുണ്യം വഹിക്കുന്ന വാഹനം.
കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ നടക്കുന്ന ദിവ്യകാരുണ്യ എക്സിബിഷന് കാണുവാന്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധങ്ങളായ ദിവ്യകാരുണ്യ അത്ഭുതങ്ങളും ഏവര്‍ക്കും പഠിക്കാനും കൂടുതല്‍ അറിയാനുമുള്ള കാര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള വിഭിന്നങ്ങളായ സംഭവങ്ങളും ചിത്രങ്ങളും വീഡിയോ പ്രദര്‍ശനവുമാണ് ദിവ്യകാരുണ്യ എക്സിബിഷനില്‍ ഒരുക്കിയിട്ടുള്ളത്. പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ടൗണില്‍ ഇന്ന് ഗതാഗത നിയന്ത്രണങ്ങളുണ്ട്. 2000 പേരാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ വിജയത്തിനായി വളണ്ടിയര്മാരായുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടമന് മുഖ്യകാര്‍മികത്വം വഹിച്ചു.
ഏഴ് കേന്ദ്രങ്ങളില്‍ ദിവ്യകാരുണ്യ സെമിനാറുകള്‍
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ഏഴ് കേന്ദ്രങ്ങളില്‍ ദിവ്യകാരുണ്യ സെമിനാറുകള്‍ നടക്കും.
കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ നടക്കുന്ന സെമിനാറില്‍ ഫാ. ഡേവിസ് ചിറമ്മല്‍ ക്ലാസ് നയിക്കും. റൈറ്റ് റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ദിവ്യകാരുണ്യ അനുഭവം പങ്കുവെയ്ക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്, പ്രതിനിധി യോഗാംഗങ്ങള്‍, സംഘടന ഭാരവാഹികള്‍, കുടുംബകൂട്ടായ്മ രൂപത, ഫൊറോന, ഇടവക യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
ബിഷപ്സ് ഹൗസില്‍ നടക്കുന്ന സെമിനാറില്‍ ഫാ. ജോയ് ചെഞ്ചേരിയില്‍ എംസിബിഎസ് ക്ലാസ് നയിക്കും. സിസ്റ്റര്‍ റീന സിഎച്ച്എഫ്, ഫാ. പോള്‍ കള്ളിക്കാടന് എന്നിവര്‍ ദിവ്യകാരുണ്യ അനുഭവം പങ്കുവെയ്ക്കും. വൈദികരും സന്യസ്തരും പങ്കെടുക്കും.
കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ റവ.ഡോ. സെബാസ്റ്റ്യന്‍ ചാലക്കല്‍ ക്ലാസ് നയിക്കും. ബേബി ജോണ്‍ കലയന്താനി ദിവ്യകാരുണ്യ അനുഭവം പങ്കുവെയ്ക്കും. മതബോധന അധ്യാപകര്‍ പങ്കെടുക്കും.
സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ ഫാ. ജോസഫ് പുത്തന്‍പുയ്ക്കല്‍ ഒഎഫ്എം ക്ലാസ് നയിക്കും. ോ. മേരി റെജീന ദിവ്യകാരുണ്യ അനുഭവം പങ്കുവെയ്ക്കും. അമ്മമാര്‍ പങ്കെടുക്കും.
കത്തീഡ്രല്‍ സിയോണ്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ശശി ഇമ്മാനുവല്‍ ക്ലാസ് നയിക്കും. ജോബി വര്‍ഗീസ് ബിന്‍ഷ ജോബി, ബിനോയ് പോള്‍ ഷേര്‍ളി ബിനോയ്, സിനോജ് ജോണ്‍ സൂസന് സിനോജ് എന്നിവര്‍ പാനല്‍ ഷെയറിംഗ് നടത്തും. യുവദമ്പതികള്‍ പങ്കെടുക്കും.
ഡോണ്‍ബോസ്കോ സ്കൂളില്‍ നടക്കുന്ന സെമിനാറില്‍ ഫാ. ഏലിയാസ് ഒഎഫ്എം ക്ലാസ് നയിക്കും. അല്‍ഫോന്‍സ് ജോസഫ് ദിവ്യകാരുണ്യ അനുഭവം പങ്കുവെയ്ക്കും. യുവജനങ്ങള്‍ പങ്കെടുക്കും.
സെന്റ് ജോസഫ്സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിനാറില്‍ ഫാ. ജെയിംസ് പള്ളിപ്പാട്ട് ക്ലാസ് നയിക്കും. സിസ്റ്റര്‍ ക്രിസ്റ്റി എംഎസ്എംഐ ദിവ്യകാരുണ്യ അനുഭവം പങ്കുവെയ്ക്കും. അള്‍ത്താരസംഘം, മതബോധന വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.