ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ 1972 ബാച്ചിന്റെ സംഗമം നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂളിലെ പത്ത് എ ഇംഗ്ലീഷ് മീഡിയം ക്ലാസിലെ വിദ്യാര്‍ഥികളുടെ സമാഗമം അവര്‍ പഠിച്ച ക്ലാസ് മുറിയിലും, സ്കൂള്‍ അങ്കണത്തിലുമായി നടന്നു. അന്നത്തെ വിദ്യാര്‍ഥികള്‍ കൂട്ടായി അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന പ്രാര്‍ത്ഥനാ ഗാനം ആലപിച്ച് തുടങ്ങിയ സംഗമത്തിന് പൂര്‍വ വിദ്യാര്‍ഥിയായിരുന്ന, ഗവ. സെക്രട്ടറി തലത്തില്‍ വിരമിച്ച എം. ഉണ്ണികൃഷ്ണന് സ്വാഗതം ആശംസിക്കുകയും, 52 വര്‍ഷം മുന്‍പ് സദസിലെ കുട്ടികളെ പഠിപ്പിക്കുകയും, ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്ത സി. ഭാനുമതി (മണി) ടീച്ചര്‍ മുഖ്യാതിഥിയായിരിക്കുകയും, ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് വി. സുനീതി ടീച്ചര്‍ അധ്യക്ഷയായിരിക്കുകയും, സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി വി.പി. രാമചന്ദ്രമേനോന്‍, പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന് സെക്രട്ടറി പി.ആര്. സ്റ്റാന്‍ലി, അന്നത്തെ വിദ്യാര്‍ഥികളുടെ പ്രതിനിധികളായി എ.വി. ജോര്‍ജ്, സുഭാഷ് എന്നിവര്‍ ആശംസകള്‍ നേരുകയും, പങ്കെടുത്ത അന്നത്തെ സഹപാഠികള്‍ വിശിഷ്ടാതിഥികള്‍ക്ക് പുഷ്പങ്ങള്‍ നല്കി സ്വീകരിക്കുകയും ചെയ്തു. ഭാനുമതി ടീച്ചറെ സീനിയര്‍ ബാങ്ക് മാനേജരായി വിരമിച്ച ബാച്ചിലെ ബാബു തോമസും, മസ്കറ്റില്‍ നല്ല നിലയില്‍ ജോലി ചെയ്ത് അടുത്തിടെ നാട്ടിലെത്തിയ മുരളിയും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ടീച്ചര്‍ വികാരഭരിതയായി തന്റെ പൂര്‍വ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു.