ക്രൈസ്റ്റ് കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഇൻസൈറ്റ് 2കെ23 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, ഗ്ലോബൽ ഫൌണ്ടേഷൻ ഫോർ ആക്സിസിബിലിറ്റീസു (ജിഎഫ്എ)മായി സഹകരിച്ചു കാഴ്ചപരിമിതി നേരിടുന്നവർക്കായി ഇൻസൈറ്റ് 2കെ23’ അണ്‍ലീഷിംഗ് പൊട്ടൻഷ്യൽസ് ആൻഡ് എംബ്രേസിംഗ് പോസിബിലിറ്റിസ് എന്ന പേരിൽ മൂന്നു ദിവസത്തെ അന്താരാഷ്ട്ര സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് കൗണ്‍സിലർ ജെയ്സണ്‍ പാറേക്കാടൻ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സിഐ അനീഷ് കരീം മുഖ്യാതിഥി ആയിരുന്നു. പലതോതിൽ കാഴ്ച വൈകല്യങ്ങൾ നേരിടുന്നവർ പങ്കെടുക്കുന്ന ക്യാമ്പിൽ അവരുടെ സാങ്കേതിക അക്കാദമിക തലങ്ങളിലെ അറിവുകൾ മെച്ചപ്പെടുത്തുവാൻ ജിഎഫ്എയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫാക്കൽട്ടികളാണ് സെഷനുകൾ നയിച്ചത്. ജിഎഫ്എയുടെ സിഇഒ മിസ്റ്റർ ഹരോണ്‍ കരീം മുഖ്യ സെഷനുകൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം അംഗം ഇർഫാൻ അഹമ്മദ് മിർ ഉം മേജർ റിസോർസ് പേഴ്സണ്‍ ആയിരുന്നു. ക്രൈസ്റ്റ് കോളജ് എൻഎസ്എസിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മയായ നോവയുടെ കലാസന്ധ്യയും ക്യാന്പിൽ ഒരുക്കി. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായം വരുന്ന വിദ്യാർഥികളും പലതരം ജോലികൾ ചെയ്യുന്നവരും ആയ നാൽപതോളംപേർ ക്യാന്പിൽ പങ്കാളികളായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പ്രഫ. വി.പി. ഷിന്േറാ, പ്രഫ. എസ്.ആർ. ജിൻസി, പ്രഫ. ആൻസോ, പ്രഫ. ലാലു പി. ജോയ്, പ്രഫ. ഹസ്മിന ഫാത്തിമ, പ്രഫ. ലിസ്മെറിൻ പീറ്റർ എന്നിവർ മേൽനോട്ടം വഹിച്ചു.