നെല്ലുത്പാദനത്തില്‍ വന്‍ ഇടിവ്; കാറളത്ത് ആയിരത്തോളം എക്കറിലെ കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ നെല്‍കൃഷിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ കാറളത്ത് പ്രതിസന്ധിയിലായിരിക്കുന്നത് ആയിരത്തോളം എക്കര്‍ നെല്‍കൃഷി. ഉഷ്ണതരംഗമാണ് കാരണമായി കര്‍ഷകര്‍ പറയുന്നത്. നെല്ല് കൊയ്ത് എടുക്കാന്‍ ചെല്ലുമ്പോള്‍ പതിരായിട്ടാണ് കാണുന്നതെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു എക്കര്‍ കൊയ്ത് കഴിഞ്ഞാല്‍ 32 ക്വിന്റല്‍ നെല്ല് കിട്ടേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 150 കിലോ മുതല്‍ 1500 കിലോ മാത്രം. ഒരു മണിക്കൂര്‍ കൊയ്യാന്‍ 2100 രൂപ വരെയാണ് ചിലവ് വരുന്നത്. രണ്ട് മണിക്കൂര്‍ കൊയ്താല്‍ കൊയ്ത്ത് ചിലവ് പോലും കിട്ടാത്ത സാഹചര്യമാണെന്ന ജില്ലാ കോള്‍ കര്‍ഷക സംഘം എക്സിക്യൂട്ടീവ് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി.എന്‍. ഉണ്ണികൃഷ്ണന് ചൂണ്ടിക്കാട്ടുന്നു. അധികം പതിരായ നെല്ല് എടുക്കാന്‍ മില്ലുകള്‍ തയ്യാറാകുന്നുമില്ല. കൊയ്ത്ത് തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് കര്‍ഷകര്‍. കാറളം പഞ്ചായത്തില്‍ മാത്രമായി മൂവായിരം എക്കറിലാണ് കൃഷി ഇറക്കിയിട്ടുള്ളത്. ഇതില്‍ പകുതിയോളം ഭാഗികമായും 25 % പൂര്‍ണ്ണമായും പുതിയ പ്രതിഭാസം ബാധിച്ചു അവസ്ഥയിലാണ്. 120 ഓളം കര്‍ഷകര്‍ക്കായി ലക്ഷങ്ങളുടെ നഷ്ടമാണ് ഉഷ്ണതരംഗത്തെ തുടര്‍ന്ന് സംഭവിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വരും വര്‍ഷങ്ങളിലും കടുത്ത ചൂട് എന്ന അവസ്ഥ ആവര്‍ത്തിച്ചാല്‍ സെപ്റ്റംബറില്‍ തന്നെ കൃഷിയിറക്കി മാര്‍ച്ചിന് മുമ്പായി കൊയ്ത് എടുക്കേണ്ടി വരുമെന്നും മൂപ്പ് കുറഞ്ഞതും പ്രത്യുല്‍പ്പാദന ശേഷിയുള്ളതുമായ വിത്തുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും ഇതിന് മുമ്പായി കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ തന്നെ സ്ഥലം സന്ദര്‍ശിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.