കൗമാരം കിക്കില്‍… വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന തകൃതി

ഇരിങ്ങാലക്കുട: നഗരത്തില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന തകൃതി. പോലീസിന്റേയും എക്സൈസ് വകുപ്പിന്റേയും കഞ്ചാവുവേട്ട അരങ്ങു തകര്‍ക്കുമ്പോഴാണ് രഹസ്യവില്പന പൊടിപൊടിക്കുന്നത്. പോലീസിന്റെ നിരീക്ഷണംഭയന്ന് പ്രചാരണവും വില്പനയും വാട്സ് ആപ്പ് വഴിയാണ്. കഞ്ചാവിന്റെ വില, ഉപയോഗിക്കുന്ന രീതി, ലഹരികൂട്ടുന്നതിനുള്ള വിദ്യകള്‍, പുതിയ ടേസ്റ്റുകള്‍ എന്തൊക്കെ എന്നിങ്ങനെ എല്ലാ വിവരങ്ങളും വാട്സ് ആപ്പ് വഴി കൈമാറുന്നു. വാട്സ് ആപ്പ് ആകുമ്പോള്‍ സൈബര്‍സെല്‍ വഴി സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നറിഞ്ഞാണ് ഇതുവഴി ഇടപാടുകള്‍ നടത്തിയിരുന്നത്.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലും കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചുമാണ് ലഹരി മാഫിയ കൂടുതല്‍ സജീവമായിട്ടുള്ളത്. ബസ് സ്റ്റാന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന സംഘടനങ്ങളുടെ പ്രധാനകാരണം ലഹരിവില്പനയെ ചൊല്ലിയാണ്. പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളാണ് വില്പന നടത്തുന്നത്. മൊബൈല്‍ റീചാര്‍ജിനുള്ള പണം മുതല്‍ പ്രലോഭനങ്ങള്നല്കി സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ വിപണനത്തിനായി ഉപയോഗിക്കുന്നുണ്ട്. പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് രഹസ്യമായി ലഹരികലര്‍ന്ന മിഠായികളും നല്‍കുന്നുണ്ട്.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് മൂന്നരമുതലുള്ള സമയങ്ങളില്‍ ഈ വിതരണശൃംഖല സജീവമായി രംഗത്തുണ്ടാകും. ആരും ശ്രദ്ധിക്കാത്ത രീതിയിലാണ് ലഹരിമരുന്നുകള്‍ ചെറിയ പായ്ക്കറ്റുകളിലാക്കി ഇവിടെ എത്തുന്നത്. നേരത്തെ ആസൂത്രണംചെയ്തതുപോലെ പാര്‍ക്കിംഗ് ഏരിയയിലുള്ള മോട്ടോര്‍ ബൈക്കിന്റെ ബാഗുകളിലോ, കവറിനടിയിലോ ആരുമറിയാതെ വയ്ക്കുകയും വിതരണക്കാരുടെ ഏജന്റുമാര്‍ അടയാളം നോക്കി അവ എടുത്തു ആവശ്യക്കാര്‍ക്ക് കൊടുക്കുന്ന രീതിയുമാണ് ഇവിടെ അവലംബിക്കുന്നത്.
അപ്പാര്‍ട്ടുമെന്റുകളും ഹോംസ്റ്റേകളും നിരീക്ഷണത്തില്‍
വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നയിടങ്ങള്‍ നിരീക്ഷണത്തില്‍. കുറച്ചുദിവസംമുമ്പ് എകെപി ജംഗ്ഷനിലെ ഇത്തരം സ്ഥലങ്ങളില്‍ എക്സൈസ് വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയ്ക്ക് വീട്ടിലെത്തിയപ്പോള്‍ വീട്ടുടമസ്ഥന്തന്നെ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. റെസിഡന്റ്സ് അസോസിയേഷന് നല്കിയ പരാതിയിലായിരുന്നു പരിശോധന. 30 ഓളം കോളജ് വിദ്യാര്‍ഥികളാണ് ഇവിടെതാമസം.
രാത്രിയിലെന്നോ, പകലെന്നോ ഇല്ലാതെ കുട്ടികളുടെ വരവും പോക്കും. അസമയങ്ങളില്‍ ശബ്ദങ്ങളുണ്ടാക്കുന്നതും സമീപവാസികളുടെ സ്വെെര്യജീവിതത്തിന് തടസമായിരുന്നു.ചില ഹോം സ്റ്റേ അപ്പാര്‍ട്ടുമെന്റുകളില്‍ അവധിദിവസങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ലഹരിഒഴുകുന്നതായും സൂചനയുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള പാട്ടും ഡാന്‍സുമെല്ലാം സമീപവാസികള്‍ക്ക് അരോചകമായിട്ടുണ്ട്. രാത്രിസമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കയറിവരാം എന്നുള്ളതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രത്യേകത.

ഒഴിഞ്ഞയിടങ്ങള്‍ ഒളിത്താവളങ്ങള്‍, എത്തിനോക്കാതെ പോലീസും
നഗരത്തിലെ പല ഒഴിഞ്ഞ വീടുകളും ഇടുങ്ങിയ കെട്ടിടങ്ങളും രാത്രികളിലും ഒഴിവുദിവസങ്ങളിലും വിദ്യാര്‍ഥികളുടെ ലഹരികേന്ദ്രങ്ങളാകുന്നതിനു പുറമേ അനാശാസ്യപ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാകുന്നതായും സൂചനകളുണ്ട്. കുറച്ചുദിവസംമുമ്പ് പട്ടാപ്പകല്‍ ഊമംകുളത്തിനു പരിസരത്തുള്ള കുറ്റിക്കാട്ടില്‍ നിന്നു പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയേയും സമപ്രായക്കാരായ മൂന്നു ആണ്‍കുട്ടികളേയും സമീപവാസികള്‍ പിടികൂടി പോലീസിനെ ഏല്പിച്ചിരുന്നു. ക്ലാസ് കട്ട് ചെയ്താണ് ഈ കുട്ടികള്‍ ഇവിടെ സമയം ചെലവഴിച്ചത്. പല സ്കൂളിലെ കട്ടികളായിരുന്നിട്ടും എങ്ങിനെ നിങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു എന്നുള്ള സമീപവാസിളുടെ ചോദ്യത്തിന് സമൂഹമാധ്യമങ്ങളിലെ ചാറ്റിംഗ് വഴിയെന്നായിരുന്നു ഇവരുടെ മറുപടി.
ലഹരിയുടെ ഉപയോഗം അതിരു കടന്നതോടെ ഞവരികുളത്തില്‍ രാത്രി ഒരുമണിക്കാണ് പെണ്‍കുട്ടികളടങ്ങുന്ന ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയ സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ പോലീസ് ഇവരോട് കുളത്തില്‍നിന്നു കയറാന്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ കുളത്തില്‍ കുളിക്കരുതെന്ന് നിയമമുണ്ടോ എന്നായിരുന്നു ഇവരുടെ മറുചോദ്യം. ലഹരിയും സല്ലാപവും അതിരുകടന്നതോടെ മുനിസിപ്പല്‍ മൈതാനത്തെ മരച്ചില്ലകള്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ വെട്ടിമാറ്റിയിരുന്നു.