പുളിക്കലച്ചിറ താത്കാലിക തടയണ പൊളിക്കണമെന്ന് സിപിഐയും ബിജെപിയും

പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച താത്കാലിക തടയണ കവിഞ്ഞ് വെള്ളമൊഴുകുന്നു
പടിയൂര്‍: പുളിക്കലച്ചിറ പാലം നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച താത്കാലിക ബണ്ട് പൊളിച്ച് വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് സിപിഐയും ബിജെപിയും ആവശ്യപ്പെട്ടു. താത്കാലിക ബണ്ടിലൂടെ വെള്ളം ഒഴുകി വരുന്ന ഭാഗത്ത് ഓവുകള്‍ സ്ഥാപിച്ചെങ്കിലും നീരൊഴുക്ക് സുഗമമായി നടക്കുന്നില്ല. അതിനാല്‍ അടിയന്തരമായി താത്കാലിക ബണ്ടിന്റെ വെള്ളം ഒഴുകിവരുന്ന ഭാഗം പൊളിച്ചു നീക്കി പ്രശ്നം പരിഹരിക്കാന്‍ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്ന് പത്തനങ്ങാടി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. ലോക്കല്‍ കമ്മിറ്റി അംഗം പ്രിയ അജയ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പടിയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി ടി.വി. വിബിന്, മണ്ഡലം കമ്മിറ്റി അംഗം മിഥുന് പോട്ടക്കാരന്‍, ബ്രാഞ്ച് സെക്രട്ടറി എ.ബി. ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു
പടിയൂര്‍: പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച താത്കാലിക തടയണയാണ് വെള്ളം ഒഴുകിപ്പോകാന്‍ തടസ്സമായി നില്‍ക്കുന്നതെന്ന് ബിജെപി പടിയൂര്‍ ഏരിയാ കമ്മിറ്റി യോഗം പറഞ്ഞു. ഇതുമൂലം പടിയൂര്‍ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ വീടുകളില്‍ വെള്ളം കയറി നിരന്തരം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ട അവസ്ഥയിലാണ്. അതിനാല്‍ എംഎല്‍എയും മന്ത്രിയുമായ ആര്. ബിന്ദു അടിയന്തരമായി ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രഭാത് വെള്ളാപ്പള്ളി, നിഷാപ്രനിഷ്, സജി ഷൈജു കുമാര്‍, രഞ്ജിത്ത് വിരുത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.