കനത്ത മഴ; പടിയൂരില്‍ വെള്ളക്കെട്ട് രൂക്ഷം, നൂറോളം കുടുംബങ്ങള്‍ ആശങ്കയില്‍

പടിയൂര്‍ പഞ്ചായത്തിലെ പുളിക്കലച്ചിറ പാടത്തോടു ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയ നിലയില്‍
പായമ്മല്‍: പുളിക്കലച്ചിറ പാടത്ത് വെള്ളമുയര്‍ന്നതിനെത്തുടര്‍ന്ന് പടിയൂര്‍ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലേക്ക് വെള്ളം കയറി. അഞ്ചാം വാര്‍ഡിലെ രണ്ടു കുടുംബങ്ങളെ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ച് അതിലേക്കു മാറ്റി. മൂന്നു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്തെ മുഴുവന്‍ വീടുകളും വെള്ളക്കെട്ടു ഭീഷണിയിലാണ്. പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോടംകുളം റോഡില്‍ കോള്പ്പാടശേഖരത്തിനു മധ്യത്തിലായുള്ള പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി തോടിനു കുറുകെ ബദല്‍ റോഡ് നിര്‍മിച്ചിരുന്നു.
ഇതില്‍ വലിയ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കാലവര്‍ഷം ആരംഭിച്ചതോടെ വെള്ളമുയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ആദ്യം നിരവധി കുടുംബങ്ങളെ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളില്‍ ക്യാമ്പ് ആരംഭിച്ച് അതിലേക്ക് മാറ്റിയിരുന്നു. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കു മാറുകയും ചെയ്തു. സംഭവം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും നീരൊഴുക്ക് വേഗത്തിലാക്കാനുമായി കഴിഞ്ഞ മാസം ആദ്യം റോഡിന്റെ കിഴക്കുഭാഗത്തായി നാലിടത്തായി പൊതുമരാമത്തുവകുപ്പ് റോഡ് പൊളിച്ച് വെള്ളം തുറന്നുവിട്ടു.
പാടശേഖരത്തോടുചേര്‍ന്നുള്ള പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറാതിരിക്കാന്‍ മുന്‍കരുതലായിട്ടാണ് വെള്ളം തുറന്നുവിട്ടത്. എന്നാല്‍, നിര്‍ത്താതെ പെയ്ത മഴ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചു. വലിയ തോതിലാണ് പല പ്രദേശത്തും വെള്ളമുയര്‍ന്നത്. പുളിക്കലച്ചിറ പാടത്തോടുചേര്ന്നുള്ള അഞ്ച്, ഏഴ് വാര്‍ഡുകളിലെ വീടുകളില്‍ വെള്ളക്കെട്ടുഭീഷണി തുടരുകയാണ്. മഴ തുടരുകയാണെങ്കില്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്.
