അരിപ്പാലത്ത് തടയണ കെട്ടി പൂക്കോട്ടു പുഴയിലേക്കു ഉപ്പുവെള്ളം കയറുന്നത് തടയണമെന്നു ആവശ്യം
വെള്ളാങ്കല്ലൂര്‍: അരിപ്പാലം പാലത്തിനു താഴെ അടിയന്തിരമായി താത്കാലിക തടയണ കെട്ടി പൂക്കോട്ടുപുഴയിലേക്കു ഉപ്പുവെള്ളം കയറുന്നത് തടയണമെന്നു ആവശ്യം. പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ച കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസിന്റെ നേതൃത്വത്തിലുള്ള സംഘമാണു അടിയന്തിരമായി പ്രശ്നപരിഹാരം വേണമെന്നു കളക്ടറോടു ആവശ്യപ്പെട്ടത്. പൂക്കോട്ടുപുഴയില് ഉപ്പുവെള്ളം കയറിയതിനാല്‍ ഇതിനോടു ചേര്‍ന്നു കിടക്കുന്ന പടിയൂര്‍-പൂമംഗലം കോള്‍ പാടശേഖരത്തില്‍ 250 ഏക്കര്‍ കോള്‍നിലം ഉപ്പുവെള്ള ഭീഷണി നേരിടുകയാണ്. പൂക്കോട്ടുപുഴയില് നിന്നു ഉപ്പുവെള്ളം പാടത്തേക്ക് കയറുന്നതു തടയുന്നതിനായി അരിപ്പാലം പാലത്തിനു താഴെ അടിയന്തിരമായി ഒരു താല്‍ക്കാലിക തടയണ കെട്ടിയാല്‍ ഉപ്പുവെള്ളം കയറുന്നതു തടയാന്‍ കഴിയുമെന്നു സംഘം വിലയിരുത്തി. പുളിക്കലച്ചിറ പാലം മുതല്‍ അവുണ്ടര്ച്ചാല് വരെ 850 മീറ്റര്‍ നീളത്തില്‍ കുളവാഴയും ചണ്ടിയും നീക്കം ചെയ്താല്‍ കെഎല്‍ഡിസി കനാലില്‍ നിന്നും അവുണ്ടറയില് എത്തുന്ന ശുദ്ധജലം പാടശേഖരത്തിന്റെ തെക്കുഭാഗത്തേക്കു എത്തിച്ച് ഈ വര്‍ഷം കൃഷി മുന്നോട്ടു കൊണ്ടു പോകുവാന്‍ കഴിയുമെന്നും സംഘം വിലയിരുത്തി. പി.ആര്. വര്‍ഗീസ് മാസ്റ്റര്‍, ടി.എസ്. സജീവന് മാസ്റ്റര്‍, ടി.ജി. ശങ്കരനാരായണന്, കെ.എം. സജീവന്, സെരാഫിന്‍ പിന്‍ഹിറോ, ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.