പതിക്കാട് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണോദ്ഘാടനം; പരിസരവാസികള്‍ പ്രതിഷേധം ശക്തമാക്കി
സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം, പഞ്ചായത്ത് പ്രസിഡന്റും പൗരസമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്പോര്
ഉദ്ഘാടനം നടത്തിയ സ്ഥലത്ത് പൗരസമിതി റീത്ത് വച്ചു പ്രതിഷേധിച്ചു
താഴെക്കാട്: ആളൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡില്‍ പതിക്കാട് കമ്യൂണിറ്റി ഹാളിനു സമീപം നിര്‍മിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തി. പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കി. സംഭവസ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. പ്രതിഷേധക്കാര്‍ വരുന്നതിനു മുമ്പ് പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗങ്ങളും നിര്‍മാണ സ്ഥലത്തേക്ക് കടന്നിരുന്നു. അല്പ സമയത്തിനുള്ളില്‍ പരിസരവാസികള്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം പേരാണ് പ്രതിഷേധവുമായി എത്തിയത്. മുദ്രാവാക്യം വിളികളുമായി കമ്യൂണിറ്റി ഹാളിലേക്കു കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് ഗേറ്റിനു മുന്നില്‍ തടഞ്ഞു. ഗേറ്റിനു മുന്നില്‍ പ്രതിഷേധക്കാര്‍ ധര്‍ണ തുടങ്ങിയതോടെ ജനപ്രതിനിധികളായ പലര്‍ക്കും ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് ഇടപെട്ടതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍് സന്ധ്യ നൈസണ്‍ അടക്കമുള്ളവരെ ചടങ്ങില്‍ പങ്കെടുപ്പിക്കാനായത്. ഇന്നലെ ഈ പ്രദേശത്ത് പൗരസമിതി കരിദിനമായി ആചരിക്കുവാന്‍ ആഹ്വാനം നല്‍കിയിരുന്നു. നിര്‍മാണോദ്ഘാടനം പൂര്‍ത്തിയായി പുറത്തിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്. ജോജോ പ്രതിഷേധക്കാരെ വെല്ലുവിളിച്ചതായി പൗരസമിതി നേതാക്കള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ പിരിഞ്ഞുപോയതോടെ നിര്‍മാണോദ്ഘാടനം നടത്തിയ സ്ഥലത്ത് പൗരസമിതി പ്രവര്‍ത്തകര്‍ റീത്ത് സമര്‍പ്പിച്ചു. സമരപരിപാടികള്‍ക്ക് പൗരസമിതി ചെയര്മാന് ബിജു മുല്ലശേരി അധ്യക്ഷത വഹിച്ചു. സോമന് ചിറ്റേടത്ത്, ടി.ഐ. ബാബു, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സരീഷ് എന്നിവര്‍ പ്രസംഗിച്ചു. ജിയോ തെക്കേത്തല, ആശ ബിജു, സി.സി. മുരളി, സി.സി. സുരേഷ്, പി.എ. സുധന്, എ. ശശികുമാര്‍ എന്നിവര്‍ മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്കി.
സംസ്കരണ പ്ലാന്റ്, ജനങ്ങള്‍ ആശങ്കയില്‍-പൗരസമിതി
കല്യാണം തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്ന ഹാളിനു സമീപത്താണ് മാലിന്യങ്ങള്‍ കൊണ്ടുവരുവാനുള്ള നീക്കം. നൂറുമീറ്റര്‍ ചുറ്റളവില്‍ അറുപതോളം വീടുകള്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രവുമാണിവിടെ. ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍ സമീപവാസികളായ കുട്ടികളടക്കമുള്ളവര്‍ക്ക് പകര്‍ച്ചവ്യാധികളും മറ്റും പിടിപെടാന്‍ കാരണമാകും. മാത്രവുമല്ല, ഇതിനു പരിസരത്തുകൂടെയാണ് ഈ പ്രദേശത്തെ കുടിവെള്ള സ്രോതസായ കനാല്‍വെള്ളം ഒഴുകുന്നത്. മാലിന്യങ്ങള്‍ ഈ കനാല്‍വെള്ളത്തിലേക്ക് കലര്‍ന്നാല്‍ സമീപത്തെ കിണറുകളിലെ കുടിവെള്ളം മലിനമാകും.
മാലിന്യ സംസ്കരണമല്ല വേര്‍തിരിക്കലാണ് നടക്കുന്നത്-കെ.ആര്. ജോജോ (പഞ്ചായത്ത് പ്രസിഡന്റ്)
ജനങ്ങള്‍ക്ക് യാതൊരു വിധത്തിലും ആശങ്ക വേണ്ടെന്നും മാലിന്യ സംസ്കരണമല്ല വേര്‍തിരിക്കലാണ് നടക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ പറഞ്ഞു. 22 ലക്ഷം രൂപ ചിലവില്‍ 2000 സ്ക്വയര്‍ ഫീറ്റ് കെട്ടിടമാണ് ഈ പദ്ധതിക്കായി പണികഴിക്കുന്നത്. ഹരിത കര്‍മ സേനാംഗങ്ങള്‍ 16-ാം വാര്‍ഡിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജൈവ-അജൈവ മാലിന്യങ്ങളായി വേര്‍തിരിക്കും. ഇവ പിന്നീട് ക്ലീന്‍ കേരള കമ്പനിക്ക് കയറ്റിവിടുകയാണ് ചെയ്യുക. ജനപ്രതിനിധികളെ തടയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടയുകയും ചെയ്ത പൗരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ ആളൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം മാള ബ്ലോക്ക് പ്രസിഡന്റ് സന്ധ്യ നൈസന്‍ നിര്‍വഹിച്ചു. പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു.