ഇരിങ്ങാലക്കുടയില്‍ പഴകിയ കോഴി ഇറച്ചി പിടികൂടി

ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ കോഴി ഇറച്ചി പിടികൂടി. ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഡെയ്ലി ഫ്രഷ് എന്ന സ്ഥാപനത്തില്‍ നിന്നുമാണു കാലാവധി കഴിഞ്ഞ 25 കിലോ കോഴി പിടികൂടിയത്. ഷവര്‍മക്കായി ആരും ചിക്കന്‍ എടുക്കാതെയായതോടെയാണ് ഇറച്ചി കെട്ടിക്കിടക്കാന്‍ കാരണമായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി. അനൂപ് കുമാര്‍, അബീഷ് കെ. ആന്റണി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൂരജ്, അജു എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. നഗരസഭാ പരിധിയിലെ 43 സ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒമ്പതു സ്ഥാപനങ്ങളില്‍ ചെറിയ കുറവുകള്‍ കണ്ടെത്തിയതിനു പിഴ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.