രാജ്യാന്തര ചലച്ചിത്ര മേളയില്‍ കയ്യടികള്‍ നേടി ബംഗാളി ചിത്രമായ അപരാജിതോ
ഇരിങ്ങാലക്കുട: നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയില്‍ കയ്യടികള്‍ നേടി ബംഗാളി ചിത്രമായ അപരാജിതോ. ലോക സിനിമയെ വിസ്മയിപ്പിച്ച പഥേര്‍ പാഞ്ചാലിയുടെ നിര്‍മ്മാണ വേളയില്‍ ചലച്ചിത്ര ഇതിഹാസം സത്യജിത്റേ നേരിട്ട വെല്ലുവിളികളും ധര്മ്മസങ്കടങ്ങളും പ്രമേയമാക്കി അനിക് ദത്ത ഒരുക്കിയ 138 മിനിറ്റുള്ള ചിത്രം ചലച്ചിത്ര ഭാഷ മാറ്റിയെഴുതിയ സംവിധായകനോടുള്ള ആദരവ് കൂടിയായി. മഹാരാഷ്ടയിലെ ചില സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആചാരത്തെ വിമര്‍ശനപരമായി സമീപിക്കുന്ന മറാത്തി ചിത്രം സോങ്ക്യയും മികച്ച അഭിപ്രായങ്ങള്‍ നേടി. മുബൈ സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന ഡോ. മിലിന്ദ് ഇനാംദാറിന്റെ കന്നി ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനമാണ് ഇരിങ്ങാലക്കുട രാജ്യാന്തര മേളയില്‍ നടന്നത്. ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് കലാകാരന് എന്ന നിലയില്‍ താന്‍ ചെയ്യുന്നതെന്നും രാജ്യത്ത് എറ്റവും മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് ദക്ഷിണേന്ത്യയിലാണെന്നും ബോളിവുഡ് ഒരു വ്യവസായമായി മാത്രം ചുരുങ്ങിയിരിക്കുകയാണെന്നും മാസ് മൂവീസില്‍ നടന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുമായി നടന്ന സംവാദത്തില്‍ സംവിധായകന് പറഞ്ഞു. അറബിക് ഭാഷയില്‍ ഈജിപ്ത്യന്‍ സംവിധായകന് മുഹമ്മദ് ഡയബ് ഒരുക്കിയ അമീറ ഓര്‍മ്മ ഹാളിലും പ്രദര്‍ശിപ്പിച്ചു.