മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി നന്ദനയ്ക്ക് ഒടുവില്‍ വീടായി
മാത്യകയായി പനമ്പിളളി കോളജിലെ കൂട്ടുകാരും അധ്യാപകരും ജീവനക്കാരും
ഇരിങ്ങാലക്കുട: 2018ലെ പ്രളയം തകര്‍ത്ത വീടിനു പകരം കൂട്ടുകാരും അധ്യാപകരും സ്നേഹം ചേര്‍ത്തുവെച്ച് പണിത വീട്ടിലിരുന്ന് ഇനി നന്ദനയ്ക്ക് പഠിക്കാം. പനമ്പിള്ളി സ്മാരക സര്‍ക്കാര്‍ കോളജിലെ മൂന്നാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥിനി നന്ദനയുടെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായി. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ച സഹപാഠിയ്ക്കൊരു വീടിന്റെ താക്കോല്‍ദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
2018ലെ പ്രളയത്തിലാണ് നന്ദനയുടെ വീട് തകര്‍ന്നത്. കലാലയത്തിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും കൈകോര്‍ത്തതോടെ ഒരു വലിയ സ്വപ്നത്തിന് ജീവന് വെച്ചു. എന്‍എസ്എസ് യൂണിറ്റ് നേതൃത്വം വഹിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. ഏകദേശം 4 ലക്ഷം രൂപ ചിലവില്‍ 600 സ്ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മിച്ചത്. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ. ജോജോമോന് അധ്യക്ഷത വഹിച്ചു. ഭവന നിര്‍മ്മാണ കമ്മിറ്റി കണ്‍വീനറും വൈസ് പ്രിന്‍സിപ്പലുമായ ആല്‍ബര്‍ട്ട് ആന്റണി, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍എസ്എസ്. കോഓര്‍ഡിനേറ്റര്‍
ഡോ. ടി.എല്‍. സോണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. സന്തോഷ്, കോളജ് യൂണിയന് ചെയര്മാന് വി.ജെ. സൂരജ്, പിടിഎ വൈസ് പ്രസിഡന്റ് കെ.പി. സന്തോഷ് കുമാര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് അഡ്വ. എം.ഡി. ഷാജു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്. ശിസ എന്നിവര്‍ സംസാരിച്ചു.