മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്ന മാപ്രാണം വാതില്‍മാടം കോളനിവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കാന്‍ തീരുമാനം
ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേടിയെടുക്കാന്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം
ഇരിങ്ങാലക്കുട: മണ്ണിടിച്ചില്‍ഭീഷണി നേരിട്ട് കൊണ്ട് നഗരസഭ പരിധിയില്‍ വാര്‍ഡ് 38 ല്‍ കഴിയുന്ന മാപ്രാണം വാതില്‍മാടം കോളനിയിലെ നാല് കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കാന്‍ തീരുമാനം. വാര്‍ഡ് പത്തില്‍ കുഴിക്കാട്ടുക്കോണത്ത് ഇവര്‍ക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലം കോളനിവാസികളുടെ പേരിലാക്കാനുള്ള നടപടിക്രമങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായവും ത്വരിതഗതിയില്‍ ലഭ്യമാക്കാനും തുടര്‍ന്ന് പ്രസ്തുത ഭൂമിയില്‍ വീടുകളുടെ നിര്‍മാണം ആരംഭിക്കാനും തീരുമാനിച്ചതായും അറിയിച്ചു. തീരുമാനങ്ങളോട് കോളനിവാസികള്‍ യോജിപ്പ് പ്രകടിപ്പിച്ചതായും ഇത് സംബന്ധിച്ച് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു അറിയിച്ചു. വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റാനും യോഗം തീരുമാനിച്ചു. നിലവില്‍ വീടുകള്‍ക്ക് ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി നേടിയെടുക്കാന്‍ യോഗത്തില്‍ പങ്കെടുത്ത ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. പരിസ്ഥിതി ലോല പ്രദേശമായി ദുരന്തനിവാരണ വകുപ്പ് വിലയിരുത്തിയിട്ടുള്ള സ്ഥലത്ത് തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കോളനിവാസികളോട് പറഞ്ഞു. കോളനിയില്‍ പാര്‍ശ്വഭിത്തി നിര്‍മാണത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 63 ലക്ഷം ചെലവഴിക്കുന്നത് സംബന്ധിച്ച ടെൻഡര്‍ വിളിച്ചതാണെങ്കിലും കോളനിവാസികള്‍ താമസം മാറാന്‍ തയ്യാറാകാഞ്ഞത് തടസമായെന്ന് ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പറഞ്ഞു. തഹസില്‍ദാര്‍ കെ. ശാന്തകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. ലേഖ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജുമാസ്റ്റര്‍, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.