ജനറല്‍ ആശുപത്രിയില്‍ 4.75 കോടിയുടെ വികസനം – മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ വിഭാഗത്തില്‍ 4.75 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ആശുപത്രി വികസന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളോടൊപ്പം രണ്ടാം നിലയുടെ നിര്‍മാണവും നടത്തും. കൂടുതല്‍ വാര്‍ഡുകള്‍, പേ വാര്‍ഡ് റൂമുകള്‍, റാമ്പ് റൂം, സ്റ്റെയര്‍ റൂം എന്നിവക്ക് പുറമേ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എന്‍ഐസിയുവും അനുബന്ധ സൗകര്യങ്ങളും ആശുപത്രിയില്‍ ലഭ്യമാക്കും. എന്‍എച്ച്എം ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം നടക്കുന്നത്. ഒന്നര വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ആന്റോ പെരുമ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.