നാടിനു വേണം, ഈ വഴിയോരത്തണല്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ റോഡില്‍ നടവരമ്പ് ചിറവളവില്‍ ഡോക്ടര്പടിക്കു സമീപമുള്ള വഴിയോര വിശ്രമ കേന്ദ്രം അധികൃതരുടെ അനാസ്ഥ മൂലം കാടുപിടിച്ചു. പാതയോരങ്ങളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 2014 ല്‍ പിഡബ്ല്യുഡി റോഡ്സ് വിഭാഗമാണു നടവരമ്പ് ചിറയുടെ എതിര്‍വശത്തായി 15 ലക്ഷം രൂപ ചെലവഴിച്ച് ഈ വിശ്രമകേന്ദ്രം പണിതത്. രണ്ടുസ്ഥലത്തായി തോടിനോടു ചേര്‍ന്നുള്ള ഭാഗം കമ്പി ഉപയോഗിച്ച് കെട്ടി സംരക്ഷിക്കുകയും ടൈല്‍ വിരിക്കുകയും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ബസ് കാത്തുനില്‍ക്കുന്നവര്‍ക്കു മാത്രമല്ല, സായാഹ്നങ്ങളില്‍ നടക്കാനിറങ്ങുന്നവര്‍ക്കും നടവരമ്പ് ചിറയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്കും ഈ ബസ് ഷെല്‍ട്ടര്‍ അക്ഷരാര്‍ഥത്തില്‍ ഷെല്ട്ടറാകുന്നുണ്ട്. നടന്നു ക്ഷീണിക്കുമ്പോള്‍ ഒന്നു ചാരിയിരിക്കാന്‍ സ്റ്റീലില്‍ നിര്‍മിച്ച കസേരകള്‍, മനോഹരമായി ടൈല്‍ പാകിയ നിലം, ചുറ്റുവേലി. ചുരുക്കി പറഞ്ഞാല്‍ ഒരു പാര്‍ക്കില്‍ വിശ്രമിക്കാന്‍ പോയ പ്രതീതി. ഇരിങ്ങാലക്കുടകൊടുങ്ങല്ലൂര് റൂട്ടില്‍ ഏറെ പ്രകൃതിരമണീയമായ ഈ സ്ഥലം കണ്ട് കാറും മറ്റു വാഹനങ്ങളും നിര്ത്തിയിറങ്ങുന്നവരുടെ എണ്ണം ഏറെയായിരുന്നു. നടവരമ്പ് ചിറയുടെ സൗന്ദര്യക്കാഴ്ച ഈ ഷെല്‍ട്ടറിലെ കസേരയില്‍ ചാരിയിരുന്ന് വീക്ഷിക്കുന്നതു ഒരു സുഖം തന്നെയാണ്. തണല്‍ വൃക്ഷങ്ങള്‍ക്കു താഴെയായി പണിതതിനാല്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ക്കു വിശ്രമിക്കാനും സമീപവാസികള്‍ക്കു വൈകുന്നേരങ്ങളില്‍ ഒത്തുചേരാനും സാധിക്കുന്ന ഇടമാണിത്. ഇപ്പോള്‍ ചുറ്റിലും പുല്ലും കുറ്റിച്ചെടികളും വളര്‍ന്നു. ടൈലിനിടയിലും ഇരിപ്പിടത്തിനു ചുവട്ടിലും പുല്ലായി. സംസ്ഥാനപാതക്കിരുവശവും പുല്ലുവളര്ന്നതു അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ചിറയോടു ചേര്‍ന്നു പണിത സംരക്ഷണഭിത്തിയും വാഹനം ഇടിച്ച് തകര്‍ന്നു. ഇതുമൂലം സമീപത്തെ റോഡ് ഇടിയാനും സാധ്യത ഉണ്ട്. ചിറവളവിലെ പരിചരണം റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകരുമായി സഹകരിച്ച് തൃപ്പയ്യ ക്ഷേത്ര ക്ഷേമസമിതി ചെയ്തിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ സാധിക്കുന്നില്ല. നിലവില്‍ റോഡരികുകള്‍ വൃത്തിയാക്കാനുള്ള പ്രത്യേക വിഭാഗം വകുപ്പിനു കീഴില്‍ ഇല്ല. പരാതി ലഭിക്കുന്നതനുസരിച്ച് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണു പൊതുമരാമത്തു വിഭാഗം അധികൃതര്‍ പറയുന്നത്. ഈ വഴിയോര വിശ്രമ കേന്ദ്രം നശിക്കുന്നതിനു കാരണം പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ഉയര്‍ന്നീട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നീട്ടുണ്ട്. ചിറവളവിലെ വഴിയോര വിശ്രമകേന്ദ്രം പഞ്ചായത്തിന്റെ ഏതെങ്കിലും പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് വൃത്തിയാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. തൃശൂര്കൊടുങ്ങല്ലൂര് സംസ്ഥാനപാതയിലെ അപകട മേഖലകളിലൊന്നായ ചിറവളവ് വൃത്തിയായി പരിരക്ഷിക്കേണ്ടതു അത്യാവശ്യമാണ്. റോഡിന്റെ പടിഞ്ഞാറുവശം സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കണം. കലുങ്കുപാലം പടിഞ്ഞാറോട്ടു വീതി കൂട്ടി പണിതാല്‍ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ സൗകര്യമാകുകയും രണ്ടു ഭാഗങ്ങളായി ടൈല്‍ വിരിച്ചു പണിത വിശ്രമകേന്ദ്രം യോജിപ്പിക്കാനും സാധിക്കുമെന്നാണു നാട്ടുകാര്‍ പറയുന്നത്.