സലീം കാട്ടകത്തിന് “മഞ്ഞൾ” പ്രസാദം, മണ്ണിൽ സ്വർണം വിളയിക്കുന്ന ജൈവ കർഷകൻ
ജീവനും ജീവിതവും തിരിച്ചു തന്ന മഞ്ഞൾ കൃഷി, അറിയണം ഈ ജീവിതം
ഇരിങ്ങാലക്കുട: സലീമിന് മഞ്ഞൾ കറികൂട്ടല്ല, മറിച്ച് ജീവൻ തിരുച്ചു നൽകിയ മരുന്നാണ്. ഔഷധ ഗുണവും വിപണന മൂല്യവും അനുഭവിച്ചറിഞ്ഞ ഒരു ജൈവ കർഷകനാണ് വള്ളിവട്ടം സ്വദേശി കാട്ടകത്ത് മുഹമ്മദ് സലീം. വേദനകളെ മായ്ച്ചു കളഞ്ഞ് ജീവിതം തിരികെ പിടിക്കാൻ സലീമിനു തുണയായത് മഞ്ഞളാണ്. ഒരു വേള വീണു പോകുമായിരുന്ന ജീവിതത്തെ തിരികെ തന്ന മഞ്ഞളിനു സമർപ്പിക്കുകയായിരുന്നു സലീം പിന്നീടുള്ള തന്റെ നാളുകൾ. ജീവിതം തിരിച്ചു ലഭിച്ചതോടെ തുടങ്ങിയതാണ് ഈ 70 കാരനു മഞ്ഞളിനോടുള്ള പ്രേമം. ഇപ്പോൾ സ്വന്തമായുള്ള കൃഷിയിടത്തിലെല്ലാം മഞ്ഞൾ വിളയുകയാണ്. മഞ്ഞൾ കർഷകനും പ്രചാരകനുമാണ് ഇൗ വയോധികൻ.
മാറാവ്യാധി മാറ്റിയ മഞ്ഞൾ ഇപ്പോൾ ദിനചര്യ
ഏഴുവർഷം മുമ്പാണു സലീമിന്റെ ജീവിതത്തിൽ വിധിയുടെ വിളയാട്ടമുണ്ടാകുന്നത്. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. ജീവിതശൈലി രോഗങ്ങൾക്കൊപ്പം ഹെർപിസ് എന്ന വൈറസ് പരത്തുന്ന രോഗവും ഇദ്ദേഹത്തിന്റെ ശരീരത്തിൽ കയറിപ്പറ്റി. ഒരിക്കൽ വസൂരി രോഗം വന്നാൽ വർഷങ്ങൾക്കുശേഷം അനുബന്ധമായി അപൂർവം ചിലർക്ക് തൊലിപ്പുറത്ത് സംഭവിക്കുന്ന മാരകമായ ഒരു രോഗമാണിത്. ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ കുമിളകൾ വന്ന് പഴുത്ത് വൃണമായി. ബോധമറ്റ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും ഒാപ്പറേഷനുശേഷം ഗാർഹികാന്തരീക്ഷത്തിലെ പരിചരണത്തിലും ദീർഘനാൾ കിടന്നു. എന്നിട്ടും രോഗശമനം സംഭവിച്ചില്ല. ശരീരപീഢയും മാനസിക സംഘർഷവുമായി. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോൾ, പരിഹാരം തേടിയുള്ള യാത്ര അവസാനിച്ചത് സുഹൃത്തായ ഒരു ആയുർവേദ ഡോക്ടറിൽ. ഈ ആയുർവേദ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്റെ ഗുണമറിയുന്നത്. ഈ രോഗത്തിനുള്ള മരുന്ന് നിങ്ങളുടെ കൈവശം തന്നെയുണ്ടെന്നായിരുന്നു സലീമിനു ഡോക്ടറിൽനിന്നും ലഭിച്ച മറുപടി. മഞ്ഞൾ കഴിക്കുകയായിരുന്നു നിർദിഷ്ട ചികിത്സ. അഞ്ചു ഗ്രാം മഞ്ഞൾപ്പൊടി കുരുകളഞ്ഞ അഞ്ചു ഗ്രാം നെല്ലിക്കയുടെ ചാറിൽ കുഴച്ച് കഴിക്കുക. ഇതായിരുന്നു നിർദേശം. അതൊരു ശീലമാക്കി. മെല്ലെ അസുഖം കുറഞ്ഞു തുടങ്ങി. മൂന്നുമാസം പിന്നിട്ടപ്പോൾ ശരീരത്തിലെ വടുക്കളും സർജറിയുടെ അവശേഷിപ്പുകളും മാറി ജീവിതത്തിനു പുതിയ ഒരു ഉണർവും ഉന്മേഷവും കൈവന്നു. വീണ്ടും ആശുപത്രിയിലെത്തി പരിശോധിക്കുമ്പോൾ പ്രമേഹത്തിൽ അൽപം കുറവുള്ളതായി കണ്ടു. മാത്രവുമല്ല, സലീമിനു അതുവരെയുണ്ടായിരുന്ന എല്ലാ രോഗങ്ങളും മഞ്ഞൾ ചികിത്സയിലൂടെ കുറഞ്ഞതായി കണ്ടെത്തി. കൊളസ്ട്രോൾ, കാലുവേദന തുടങ്ങിയ അസുഖങ്ങൾ ഒരു പരിധിവരെ അദ്ദേഹത്തെ ശല്യപ്പെടുത്തിയതേയില്ല.
സ്വന്തം കൃഷിയിടത്തിൽ കൃഷിചെയ്ത് മഞ്ഞളിന്റെ പ്രചാരകനായി.ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ കഷ്ടപ്പെട്ട ദിവസങ്ങളിൽ നിന്ന് മോചനം നൽകിയ മഞ്ഞളിനെ അദ്ദേഹം മറന്നില്ല. മഞ്ഞൾ ചികിത്സ ഫലിച്ചതോടെ ഈ കാർഷിക വിളയോടു സലീമിന് ഇഷ്ടം കൂടിവന്നു. ഒപ്പം കൃഷിയും ആരംഭിച്ചു. അസുഖം മാറിയെങ്കിലും മഞ്ഞളിനെയോ ഔഷധസേവയോ ഉപേക്ഷിക്കാൻ സലീം തയാറായില്ല. ഇന്നും ദിനചര്യയുടെ ഭാഗമാണിത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന്റെ രോഗപ്രതിരോധ ശേഷി കൂടുതൽ ആൾക്കാരിലേക്കു പ്രചരിപ്പിക്കുന്നതിനെകുറിച്ച് അദ്ദേഹം ചിന്തിക്കാൻ തുടങ്ങി. സ്വന്തം അനുഭവകഥ ആളുകളോട് പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ഞളിന്റെ ഔഷധഗുണം അദ്ദേഹം ആളുകൾക്കു മുമ്പിൽ തുറന്നു കാട്ടിയത്. മഞ്ഞൾ വ്യാപകമാക്കിയാൽ ആൾക്കാരുടെ രോഗങ്ങളെ ഒരു പരിധിവരെ കുറക്കുന്നതിന് സാധിക്കും. കുർക്കുമിൻ ശരീരത്തിലേക്ക് എത്തുകയാണ് അതിനുവേണ്ടതെന്നു മുഹമ്മദ് സലീം പറയുന്നു. സ്വന്തമായുള്ള അഞ്ചു ഏക്കർ പുരയിടത്തിൽ രാസവളമോ കീടനാശിനിയോ ഉപയോഗിക്കാത്ത ചാണകവും ഗോമൂത്രവും പച്ചിലയും കമ്പോസ്റ്റുമെല്ലാം ചേർത്ത് നടത്തുന്ന ജൈവകൃഷിയെ അദ്ദേഹം നെഞ്ചോടു ചേർത്തുപിടിക്കുന്നു. മികച്ച വിളവ് നൽകുമെന്ന് അവകാശപ്പെടുന്ന പുതിയ ഇനങ്ങളെ ഉപയോഗിക്കാതെ നാടൻ മഞ്ഞൾ ഇനങ്ങൾക്ക് മാത്രം തന്റെ കൃഷിയിടത്തിൽ സ്ഥാനം നൽകി. പ്രദീപ എന്ന ഇനം മഞ്ഞളാണ് സലീം ഉത്പാദിപ്പിക്കുന്നതിൽ അധികവും. ഏഴു വർഷമായി കാർഷികരംഗത്തു സജീവമായ സലീം മഞ്ഞൾക്കൃഷി കൂടുതൽ വ്യാപകമാക്കുന്നത് മൂന്നു വർഷങ്ങൾക്കു മുമ്പാണ്.
മഞ്ഞൾകൃഷി ഒരു ബിസിനസല്ല, മറിച്ച് ആരോഗ്യദായകമായ ഒരു കർമപദ്ധതിയായാണ്
പറമ്പിൽ നിന്ന് നല്ല വിളവ് കിട്ടുന്നതു കൊണ്ടു തന്നെ പല കമ്പനിക്കാരും മഞ്ഞളാവശ്യപ്പെട്ട് സമീപിച്ചിരുന്നു. കമ്പനിക്കാരെടുത്താൽ നല്ല ലാഭം നേടാം. പക്ഷേ അങ്ങനെ കൊടുക്കാറില്ല. മഞ്ഞൾ വിത്തും മായം കലരാത്ത മഞ്ഞൾപ്പൊടിയും ജനങ്ങളിലെത്തിക്കണമെന്നതാണ് ആഗ്രഹം.കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇവിടത്തെ മഞ്ഞളിനെ ആശ്രയിക്കുന്ന ആൾക്കാരുണ്ട്. മാത്രവുമല്ല, മഞ്ഞൾ വിത്ത് അന്വേഷിച്ചെത്തുന്നവരുടെ എണ്ണവും ചില്ലറയല്ല. മഞ്ഞൾ വിത്തുകൾ ആളുകൾക്കു നൽകുന്നതുവഴി കൂടുതൽ ആൾക്കാരിലേക്കും പ്രദേശത്തേക്കും ഇതെത്തിക്കുകയാണു അദ്ദേഹം ചെയ്തുവരുന്നത്. കേരളത്തിൽ ഒരു വ്യക്തിയ്ക്ക് രണ്ട് കിലോഗ്രാമിൽ കൂടുതൽ മഞ്ഞൾ സലിം നൽകാറില്ല. അഞ്ചു കിലോഗ്രാംവരെ ഗൾഫ് രാജ്യങ്ങളിലേക്കു നൽകാറുണ്ട്. ലാഭം നോക്കിയുള്ള കച്ചവടം ഒരിക്കലും സലീമിന്റെ മനസിലില്ല. കാരണം ഒന്നുമാത്രം, അദ്ദേഹത്തിന് മഞ്ഞൾകൃഷി ഒരു ബിസിനസല്ല. കൂടുതൽ ആൾക്കാരിലേക്ക് ഇൗ കാർഷികവിളയെ എത്തിക്കുകയും അതുവഴി ജനങ്ങളെ ആരോഗ്യവാന്മാരാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിനുള്ളൂ. മഞ്ഞൾ കൃഷിയെ ഒരു കച്ചവട സാധ്യതയായല്ല അദ്ദേഹം കാണുന്നത്. മറിച്ച് ആരോഗ്യദായകമായ ഒരു കർമപദ്ധതിയായാണ്. വിഷരഹിതമായ കാർഷിക സംസ്കാരം ആരോഗ്യപ്രദമായ ജീവിതം സമ്മാനിക്കുമെന്ന് ഉറപ്പിച്ചു പറയാൻ സലീമിനു കഴിയുന്നു. ആവിയിൽ പുഴുങ്ങിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനേക്കാൾ ഗുണമേന്മയുള്ളത് വെയിലത്ത് ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനാണെന്ന് സലീം അഭിപ്രായപ്പെടുന്നു. കൃഷിയെകുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനുമായി പല സ്ഥലത്തുനിന്നും വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ ഇവിടേക്കെത്തുന്നവരെ എണ്ണിയാലൊടുങ്ങില്ല. ശ്രീനിവാസൻ, അനൂപ് ചന്ദ്രൻ, സലീംകുമാർ തുടങ്ങിയ താരനിര മഞ്ഞൾ വ്യാപകമാക്കുന്നതിനുവേണ്ടിയുള്ള സലീമിന്റെ പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും നൽകുന്നു. ശ്രീനിവാസനു തൃപ്പൂണ്ണിത്തുറയിലുള്ള തന്റെ കൃഷിയിടത്തിൽ മഞ്ഞൾകൃഷി നടത്തുവാൻ ആവശ്യമായ വിത്തുകൾ നൽകുവാനുള്ള ഭാഗ്യം തനിക്കാണുണ്ടായതെന്നു അഭിമാനപൂർവം സലീം കാട്ടകത്ത് പറയുന്നു. ജൈവകൃഷിയിൽ തനതുശൈലി വികസിപ്പിച്ചെടുത്ത സലീമിനെ തേടിയെത്തിയ പുരസ്കാരങ്ങളും നിരവധി. ആത്മമിത്ര പുരസ്കാരം, പഞ്ചായത്തിലെ മികച്ച കർഷകൻ, ജൈവ കർഷകൻ, വനമിത്ര അവാർഡ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. ഫോൺ: 9447320780.