കല്ലേറ്റുംകര നിപ്മറില്‍ ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ പ്രാപ്തി നല്കുന്ന ഉദ്യാന കൃഷി ആരംഭിച്ചു
ഇരിങ്ങാലക്കുട: 18 വയസിനു മുകളിലുള്ള ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ പ്രാപ്തി നല്കുന്ന പരിശീലന പദ്ധതി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) തുടങ്ങി. ഓരോരുത്തരുടെയും പ്രത്യേക കഴിവുകള്‍ കണ്ടെത്തി അതിനനുസരിച്ചുള്ള തൊഴില്‍ പരിശീലനം നല്കി ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എംപവര്‍മെന്റ് ത്രൂ വൊക്കേഷണലൈസേഷന്‍ എന്ന പദ്ധതിക്കു കീഴിലാണ് പരിശീലനം നല്‍കുക. പ്രൊഫഷണല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ തൊഴില്‍ മേഖലയില്‍ ആറുമാസമാണ് പരിശീലനം നല്‍കുന്നത്. തൊഴില്‍ പരിശീലനതോടൊപ്പം പ്രായോഗിക വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല്‍, കൊടുക്കല്‍ വാങ്ങല്‍, പണമിടപാട് എന്നിവയിലും പരിശീലനം നല്കുന്നു.
പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സാമൂഹ്യ ഇടപെടല്‍ പരിശീലിപ്പിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്നു മാസക്കാലം നിയോഗിക്കുകയും ചെയ്യുന്നു. കമ്പ്യൂട്ടര്‍, ഉദ്യാന കൃഷി, ബേക്കറി എന്നീ തൊഴില്‍ മേഖലകളിലാണ് നിലവില്‍ പരിശീലന സൗകര്യം. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വിവിധ മേഖലകളില്‍ തൊഴില്‍ നല്‍കുന്നതിനുള്ള ശ്രമവും പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നുണ്ടെന്ന് നിപ്മര്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു പറഞ്ഞു.
ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ മുപ്പതു പേരില്‍ പത്തു പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ഇതിനകം തൊഴില്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള വരെ പ്ലേസ് ചെയ്യുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ കാലങ്ങളായുള്ള ആശങ്കകള്‍ക്ക് പരിഹാരം കൂടിയാണ് പരിശീലന പദ്ധതി.