കാട്ടൂര്‍ വനിത എസ്ഐയുടെ നടപടി; പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി
പടിയൂര്‍: പഞ്ചായത്ത് ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയ കാട്ടൂര്‍ വനിത എസ്ഐയുടെ നടപടിയില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി. വാര്‍ഡിലുണ്ടായ മരണത്തെ തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്ന നടപടിയില്‍ വനിതാ എസ്ഐ കാണിച്ച നിര്‍ബന്ധവും പിടിവാശിയും മൂലം പടിയൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി ജയശ്രീലാലിന് ഉണ്ടായ ദുരനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐക്കെതിരെ തൃശൂര്‍ എസ്പിക്ക് പരാതി നില്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതി ചര്‍ച്ച ചെയ്യുകയും മറ്റു ഭരണസമിതി അംഗങ്ങള്‍ക്കും ചില മോശം അനുഭവങ്ങള്‍ ഈ എസ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് അറിയിച്ചു. പോലീസും ജനപ്രതിനിധികളും നാടിന്റെ നന്മക്കും വികസനത്തിനും ഒരുപോലെ സേവനം ചെയ്യേണ്ടവരാണ്. കൂട്ടായ പ്രവര്‍ത്തനം എല്ലാ അവസരങ്ങളിലും ഉണ്ടാകേണ്ടതാണ്. ജനപ്രതിനിധികളോടെന്നല്ല എല്ലാ ജനങ്ങളോടും നല്ല രീതിയില്‍ ഇടപെടേണ്ടവരാണ് പോലീസ് എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അഭിപ്രായപ്പെട്ടു. സഹപ്രവര്‍ത്തകക്കുണ്ടായ മോശം അനുഭവത്തില്‍ എസ്ഐക്കെതിരെ നടപടി എടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.