വിത്ത് വൈവിധ്യത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും മേളയൊരുക്കി വിത്തുത്സവം
കോണത്തുക്കുന്ന്: വൈവിധ്യമാര്‍ന്ന ഭക്ഷ്യ രുചി വൈവിധ്യവും വ്യത്യസ്തമാര്‍ന്ന നാടന്‍ വിത്തുകളുടെയും കാഴ്ച വിസ്മയവുമൊരുക്കി വിത്തുത്സവം നാടിന് പ്രത്യേക അനുഭവമായി. കാച്ചില് പായസം, ഇടിച്ചക്ക വിഭവങ്ങള്‍, മില്ലറ്റ് വിഭവങ്ങള്‍, ജൈവമൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ സ്റ്റാളുകളോടൊപ്പം വിവിധതരം നാടന്‍ കിഴങ്ങുവര്‍ഗങ്ങളുടെയും ചെറുധാന്യങ്ങളുടെയും നെല്‍വിത്തുകളുടെയും പച്ചക്കറി പഴവര്‍ഗങ്ങളുടെയും പ്രദര്‍ശനവും കൈമാറ്റവും നടന്നു. കൂടാതെ ജൈവവളങ്ങള്‍, കീടനിയന്ത്രണമാര്‍ഗങ്ങള്‍, പച്ചക്കറി ഫലവൃക്ഷ തൈകള്‍, അലങ്കാര മത്സ്യങ്ങള്‍, പരുത്തിയുത്പന്നങ്ങള്, തേന്‍ വിഭവങ്ങള്‍, പനംചക്കര കൃഷിപുസ്തകങ്ങള്, ഇങ്ങനെ ചെറുകിട സംരംഭകരുടെ സ്റ്റാളുകള്‍ കൊണ്ട് സമ്പന്നമായിരുന്നു വിത്തുത്സവം. വിത്തുത്സവത്തിന് രണ്ട് ദിവസത്തെ ഉച്ച ഭക്ഷണമൊരുക്കിയത് തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലെ ജൈവകര്ഷകരായിരുന്നു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തും സാലിം അലി ഫൗണ്ടേഷനും ചേര്‍ന്നാണ് വിത്തുത്സവം ഒരുക്കിയത്. കോണത്തുകുന്ന് കമ്മ്യൂണിറ്റി ഹാളില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമാ നടന് അനൂപ് ചന്ദ്രന് വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാലിം അലി ഫൗണ്ടേഷന് ചെയര്‍മാര്‍ ഡോ. വി.എസ്. വിജയന് ആമുഖം പറഞ്ഞു. പരിപാടിയില്‍ മുഖ്യാതിഥികളായി ശ്രീജ ആറങ്ങോട്ടുകര, ഐഎന്ഒഎഫ്ഒ പ്രസിഡന്റ് ഷമികാ മോനെ എന്നിവര്‍ സംസാരിച്ചു. ആശംസകള്‍ അര്‍പിച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന അനില്‍കുമാര്‍, കെ.എം. സ്മിത എഡിഎ വെള്ളാങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഏറ്റവും മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് കിട്ടിയ ശ്യാം മോഹനെ ചടങ്ങില്‍ ആദരിച്ചു. സാലിം അലി ഫൗണ്ടേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ എ. പവിത്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. ലളിതാ വിജയന് നന്ദി പറഞ്ഞു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് നിര്‍വഹിച്ചു. കേരള ജൈവകര്‍ഷക സമിതി പ്രസിഡന്റ് സതീഷ് കുമാര്‍ വിശിഷ്ടാതിഥിയായി സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ ഹസ്ന സിറാജ്, ബ്ലോക്ക് മെമ്പര്‍ പ്രസന്ന അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.