മുകുന്ദപുരത്ത് ഇ-അദാലത്ത്, തീര്‍പ്പാക്കിയത് 59 പരാതികള്‍
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ ഇ-അദാലത്ത് സംഘടിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച 91 പരാതികളില്‍ 59 എണ്ണം തീര്‍പ്പായി. പട്ടയങ്ങള്‍ കിട്ടാത്തതു സംബന്ധിച്ച പരാതികള്‍, റോഡ് കൈയേറ്റം, ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍, ഭൂമി കൈമാറ്റം, മരം മുറിക്കുന്നതു സംബന്ധിച്ചുള്ള പരാതികള്‍ എന്നിവയാണു അദാലത്തില്‍ വിഷയങ്ങളായത്. പുതുക്കാട്, അളഗപ്പനഗര്‍, പറപ്പൂക്കര പഞ്ചായത്തുകളിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിന്നു നെന്മണിക്കര പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പതു വാര്‍ഡുകളിലേക്കു കുടിവെള്ളം എത്തിക്കണമെന്ന ആവശ്യം വാട്ടര്‍ അഥോറിറ്റി നിരാകരിച്ചു. നിലവിലുള്ള പദ്ധതിയില്‍ നിന്നു മൂന്നു പഞ്ചായത്തുകളിലേക്കു മാത്രമേ കണക്ഷന് നല്കാന് സാധിക്കുകയുള്ളൂവെന്നും തൃശൂരിനും സമീപ പഞ്ചായത്തുകള്‍ക്കും വേണ്ടി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നെന്മണിക്കരയുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന അദാലത്തില്‍ എഡിഎം റെജി പി. ജോസഫ് നേതൃത്വം നല്കി. മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജി. മധുസൂദനന്, ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ കെ. ശാന്തകുമാരി എന്നിവര്‍ പങ്കെടുത്തു.