ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച റിട്ട. കോളജ് അധ്യാപകന് മരിച്ചു
ഇരിങ്ങാലക്കുട: ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച ക്രൈസ്റ്റ് കോളജ് റിട്ട. അധ്യാപകന് മരിച്ചു. ശക്തി നഗറില്‍ മംഗലശേരി വീട്ടില്‍ പരേതനായ എം.എസ്. നമ്പൂതിരിയുടെ മകന് പ്രഫ. എം.കെ. ചന്ദ്രന് (75) ആണ് മരിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണു കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം നടന്നു. ക്രൈസ്റ്റ് കോളജിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രഫ. എം.കെ. ചന്ദ്രന് പട്ടണത്തിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം പ്രസിഡന്റ്, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്സിക്യുട്ടീവ് അംഗം, ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡന്റ്, എകെപിസിടിഎ ജില്ലാ കമ്മിറ്റി അംഗം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ഥാപക മെമ്പര്‍, ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മക്കള്‍: ഡോ. ഹേന, വികാസ്. മരുമക്കള്‍: ഡോ. ബി.പി. അരവിന്ദ (ക്രൈസ്റ്റ് കോളജ് അധ്യാപകന്, ഇരിങ്ങാലക്കുട), ഗീതു.