രുചി പ്രണയത്തില്‍ നിന്ന് വിളവിന്റെ ലോകത്തേക്ക്, കര്‍ഷക ജ്യോതി പുരസ്കാരം മിഥുന് നടുവത്രയ്ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ജ്യോതി അവാര്‍ഡ് കരസ്ഥമാക്കിയ മിഥുന്.
വെള്ളാങ്കല്ലൂര്‍: മിഥുന്റെ പാടത്തു ചെന്നാല്‍ കൃഷിക്കാരനെയും കര്‍ഷക തൊഴിലാളികളെയും തിരിച്ചറിയാന്‍ ഏറെ പ്രയാസപ്പെടും. മറ്റു തൊഴിലാളികള്‍ക്കൊപ്പം ചേറിലിറങ്ങി അദ്ധ്വാനിക്കുകയോ ട്രാക്ടറോ ടില്ലറോ പ്രവര്‍ത്തിപ്പിക്കുകയോ ആയിരിക്കും മിഥുന്. ഭക്ഷണപ്രിയത്തില്‍ തുടങ്ങിയ കാര്‍ഷിക പ്രണയമാണ് വെള്ളാങ്കല്ലൂര്‍ സ്വദേശിയായ മിഥുനെ ഒരു മാതൃകാ കര്ഷകനാക്കിയതും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ 2024 25 വര്‍ഷത്തെ കര്‍ഷക ജ്യോതി പുരസ്കാരം മിഥുനെ തേടിയെത്തിയതും. ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
പാചകക്കാരനും കാറ്ററിംഗ് നടത്തിപ്പുകാരനുമായിരുന്ന മിഥുന് കൊറോണ കാലഘട്ടം മുതലാണ് കൃഷിയില്‍ സജീവമായത്. സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറികള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള ഭക്ഷണം കൊടുക്കാന്‍ സാധിക്കുമെന്ന തോന്നലാണ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങാന്‍ മിഥുന് പ്രചോദനമായത്. കാര്‍ഷികവൃത്തി ദിനചര്യയാക്കി മാറ്റിയ മിഥുന് പാട്ടത്തിനെടുത്താണ് പലവിധത്തിലുള്ള കൃഷിചെയ്യുന്നത്. ഒരു ഏക്കറില്‍ ചെണ്ടുമല്ലി കൃഷി, രണ്ട് ഏക്കറില്‍ വാഴകൃഷി, ആറ് ഏക്കറില്‍ നെല്‍കൃഷി, 10 ഏക്കര്‍ തരിശു ഭൂമിയില്‍ നെല്‍കൃഷി, അര ഏക്കറില്‍ കുക്കുമ്പര്‍ കൃഷി ഇവ കൂടാതെ പപ്പായ, മില്ലറ്റുകള് എന്നിവയാണ് മിഥുന് കൃഷി ചെയ്യുന്നത്.
എല്ലായിടത്തും ജൈവ വളമാണ് ഉപയോഗിക്കുന്നത്. വിളകളോടൊപ്പം പശു, മത്സ്യം, ആട്, തേനീച്ച, കോഴി എന്നിവയും വളര്‍ത്തുന്നുണ്ട്. ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. ഒമ്പത് വര്‍ഷമേ ആയിട്ടുള്ളു മിഥുന് കൃഷിയിലേക്ക് ഇറങ്ങിയിട്ട്. മികച്ച ഭക്ഷണം നല്‍കുക എന്നുള്ളതായിരുന്നു മിഥുനെ കൃഷിയിലേക്ക് ഇറങ്ങുവാന്‍ പ്രേരിപ്പിച്ചത്. അമ്മ ചന്ദ്രിക താങ്ങും തണലുമായി ഉണ്ടാകും. മുമ്പ് കൃഷി ഭവന്റെ മികച്ച കര്ഷകന് എന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എല്ലാ വിളകളും സ്വയം വിപണനം നടത്താന്‍ മിഥുന് സാധിച്ചു എന്നതും എടുത്തുപറയേണ്ട ഒന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെയും വെള്ളാങ്കല്ലൂര്‍ കൃഷിഭവന്റെയും പിന്തുണയോട് കൂടിയാണ് കൃഷിയില്‍ മുന്നോട്ട് പോകുന്നത്. കൃഷിയോട് പുലര്‍ത്തിയ സമഗ്ര സമീപനവും പരിശ്രമവും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ഈ പുരസ്കാരം. അധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും നേട്ടമായുള്ള ഈ പുരസ്കാ ഗ്രാമീണ കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുന്നതിന് ഏറെ പ്രചോദനമാകുമെന്ന് മിഥുന് പറഞ്ഞു.
