പ്രകൃതി സംരക്ഷണം; ക്രൈസ്റ്റ് കോളജിന് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക പുരസ്കാരം

ക്രൈസ്റ്റ് കോളജ്.
ഇരിങ്ങാലക്കുട: കേരള സംസ്ഥാന കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഷക പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. കൃഷി പ്രോത്സാഹിപ്പിക്കുകയും കാര്‍ഷിക അവബോധം വളര്‍ത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് ക്രൈസ്റ്റ് കോളജ് പുരസ്കാരത്തിന് അര്‍ഹമായത്. ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിച്ച് ക്രൈസ്റ്റ് കോളജില്‍ തുടങ്ങിയ ക്രൈസ്റ്റ് അഗ്രോ ഫാം ശ്രദ്ധേയമായിരുന്നു.
പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്കിക്കൊണ്ടും ജൈവകൃഷി രീതികളും മണ്ണ് സംരക്ഷണം, ജലസംരക്ഷണം മുതലായവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ളതുമായ കൃഷിരീതികള്‍ അവലംബിച്ചാണ് ക്രൈസ്റ്റ് അഗ്രോ ഫാം പ്രവര്‍ത്തിക്കുന്നത്. ഏകദേശം അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്രൈസ്റ്റ് അഗ്രോ ഫാമില്‍ പച്ചക്കറി കൃഷി, മത്സ്യ കൃഷി, കൂണ് കൃഷി, ഔഷധസസ്യ തോട്ടം, കരിമ്പു കൃഷി, മഞ്ഞള്‍ കൃഷി, ഇഞ്ചി കൃഷി, 68 ഓളം ഫലവൃക്ഷങ്ങള്‍ അടങ്ങിയ തോട്ടം എന്നിവ ഉള്‍പ്പെടുന്നു.
കൂടാതെ വിവിധയിനം പശുക്കള്‍, ആടുകള്‍, കോഴി, താറാവ്, മുയല്, അലങ്കാര മത്സ്യങ്ങള്‍ എന്നിവയും ക്രൈസ്റ്റ് അഗ്രോ ഫാമിലുണ്ട്. കാര്‍ഷിക രംഗത്ത് നൂതന ഗവേഷണങ്ങള്‍ക്ക് സഹായകരമായ ഇന്നൊവേഷന് സെന്ററും ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു. സൗജന്യ കൃഷി പരിശീലനവും മൃഗപരിപാലന പരിശീലനവും പൊതുജനങ്ങള്‍ക്കായി നല്‍കുന്നുണ്ട്. സ്കൂള്‍ കുട്ടികള്‍ക്കായുള്ള കൃഷിപാഠം പദ്ധതിയും ഇതിനോടനുബന്ധിച്ച് നടത്തുന്നു.
ക്രൈസ്റ്റ് കോളജ് ബര്‍സാര്‍ റവ.ഡോ. വിന്‍സെന്റ് നീലങ്കാവില്‍, അധ്യാപകനായ ഡോ. സുബിന് കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്രോ ഫാം പ്രവര്‍ത്തിക്കുന്നത്. മാറുന്ന കാര്‍ഷിക സംസ്കാരത്തില്‍ ശാസ്ത്രീയ രീതികള്‍ അവലംബിച്ച് കാര്‍ഷിക രംഗത്തെ പ്രോത്സാഹിപ്പിച്ചതിന് കിട്ടിയ അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അഭിപ്രായപ്പെട്ടു.
