കുത്തകകള്‍ കര്‍ഷകരെ കീഴടക്കുന്ന ദുര്‍സ്ഥിതിയെ പ്രതിരോധിക്കണം: എം.കെ. കണ്ണന്
പുല്ലൂര്‍: കുത്തകകളും വന്‍കിട കോര്‍പറേറ്റുകളും കര്‍ഷകരെ കൊള്ളയടിച്ച് ദരിദ്രവത്കരിക്കുന്ന വര്‍ത്തമാനകാല വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സഹകരണ മേഖല ഉണരണമെന്നു കേരള ബാങ്ക് പ്രഥമ വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം.കെ. കണ്ണന് അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊണ്ടുള്ള പുഷ്പഫലസസ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയുടെ തേരിലേറി ജനകീയ പങ്കാളിത്തത്തോടെ സഹകരണ മേഖല ശക്തിപ്പെട്ടപ്പോള്‍ പുതിയ കേന്ദ്രനയങ്ങള്‍ നിരാശാജനകമാണെന്നും ജാഗ്രതയുടെ അനിവാര്യത ആവര്‍ത്തിച്ച് ഓര്മപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡയമണ്ട് ജൂബിലി കലണ്ടര്‍ പ്രകാശനം സംസ്ഥാന സഹകരണ യൂണിയന് ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരന് നിര്‍വഹിച്ചു. മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് ഭരണസമിതി അംഗം ഐ.എന്‍. രവി ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി.കെ. ശശി, എന്‍.കെ. കൃഷ്ണന്, ഷീല ജയരാജ്, രാധ സുബ്രന്, സുജാത മുരളി, തോമസ് കാട്ടൂക്കാരന്‍, അനൂപ് പായമ്മല്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക സേവന കേന്ദ്രത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ അലങ്കാരചെടികള്‍, പച്ചക്കറിതൈകളും വിത്തുകളും, ഔഷധസസ്യങ്ങള്‍, ഫലവൃക്ഷതൈകള്‍, വളം, ചട്ടികള്‍, അലങ്കാരമത്സ്യങ്ങള്‍, കാര്‍ഷികയന്ത്രങ്ങള്‍, കൃഷി ഡോക്ടറുടെ സേവനം, കോഴി, താറാവ് തുടങ്ങിയവ ഉണ്ടായിരിക്കും.