കൃഷിനാശം ആനുകൂല്യത്തിന് ഓണ്‍ലൈന്‍ അപേക്ഷ കര്‍ഷകരെ നടത്തിച്ച് സൈറ്റ് തകരാര്‍
ഇരിങ്ങാലക്കുട: അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുന്നതിനുള്ള സൈറ്റാണ് ഇടയ്ക്കിടയ്ക്ക് പണിമുടക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നത്. മുമ്പ് അപേക്ഷാഫോറത്തില്‍ ബന്ധപ്പെട്ട കൃഷി ഭവനുകള്‍ വഴി അപേക്ഷ നല്കിയാല് മതിയായിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കാന് അക്ഷയകേന്ദ്രങ്ങളില്‍ ചെന്നിരുന്ന് മണിക്കൂറുകളോളം ശ്രമിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട സൈറ്റ് കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ അക്ഷയകേന്ദ്രങ്ങള്‍ തുറക്കുന്ന ദിവസങ്ങള്‍ നോക്കിവേണം ഇത് ചെയ്യാന്‍. കഴിഞ്ഞ ദിവസം രാവിലെ അക്ഷയകേന്ദ്രത്തില്‍ പോയി സൈറ്റ് ഓപ്പണ്‍ ആകുന്നതും കാത്ത് മണിക്കൂറുകളോളം കാത്തിരുന്ന് ഒടുവില്‍ നിരാശനായി മടങ്ങേണ്ടിവന്നുവെന്ന് കര്‍ഷകനായ ദിലീപ് പറഞ്ഞു. മാസങ്ങളോളം പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചും പണം ചെലവഴിച്ചും ചെയ്ത കൃഷിയാണ് മഴയില്‍ വെള്ളത്തിലായത്. ഏക്കര്‍ കണക്കിനു നെല്‍ക്കൃഷിയാണ് മഴയില്‍ വെള്ളംകയറി കൊയ്യാനാകാതെ നശിച്ചുപോയത്. ലക്ഷക്കണക്കിനു രൂപയാണ് ഓരോ കര്‍ഷകനും നഷ്ടം സംഭവിച്ചിരിക്കുന്നത്. പലരും ലോണെടുത്തും കടം വാങ്ങിയുമാണ് കൃഷി നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യം കിട്ടിയാല്‍ അത്രയെങ്കിലും നഷ്ടം കുറയുമെന്ന ആശ്വാസത്തിലാണ് കര്‍ഷകര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ മാസം അഞ്ചിനു അടച്ചിട്ട അക്ഷയകേന്ദ്രങ്ങള്‍ ബുധനാഴ്ചയാണ് വീണ്ടും തുറന്നത്. അപേക്ഷ നല്‍കാനുള്ള തീയതി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ക്കു പഴയ രീതിയില്‍ത്തന്നെ കൃഷിഭവന് വഴി അപേക്ഷ സ്വീകരിക്കുന്ന രീതി തുടരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.