അശ്ലീല മെസേജുകള്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍
യുവ അഭിഭാഷകയ്ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ അശ്ലീല മെസേജുകള്‍ അയച്ച കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമിലൂടെ പട്ടേപ്പാടം സ്വദേശിയായ യുവ അഭിഭാഷകക്ക് അശ്ലീല മെസേജുകള്‍ അയച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റു ചെയ്തു. കൊടുങ്ങല്ലൂര്‍ പൊരിബസാറില്‍ വടക്കന്‍ വീട്ടില്‍ ആഷിക്ക് (29) നെയാണ് ഇരിങ്ങാലക്കുട സിഐ പി.കെ. പത്മരാജന്, എസ്ഐമാരായ ഐ.സി. ചിത്തരജ്ഞന്, ടി.എം. കശ്യപന് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ആറുവര്‍ഷമായി യുവ അഭിഭാഷകയുമായി പ്രതി സൗഹൃദത്തിലായിരുന്നു. ഇതിനിടെ യുവ അഭിഭാഷക അറിയാതെ അഭിഭാഷകയുടെ ഫോട്ടോയും വീഡിയോകളും മറ്റും മൊബൈല്‍ ഫോണ്‍ മുഖേന എടുത്ത് സൂക്ഷിക്കുകയും പ്രതിയുടെ കയ്യിലുള്ള ഫോട്ടോയും വീഡിയോയും വെച്ച് രണ്ടു ലക്ഷം രൂപ പ്രതി ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് യുവതി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിക്കു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഈ കേസിന്റെ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിര്‍ദേശത്തില്‍ തൃശൂര്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി ബിജു ഭാസ്കറിന്റെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധരടങ്ങിയ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗങ്ങളെ നിയമിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം അധികൃതരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചും മറ്റും നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതി സൈബര്‍ പോലീസിന്റെ പിടിയിലാകുന്നത്. പ്രതി പിടിക്കപ്പെടാതിരിക്കാനായി മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണു കൃത്യം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ പ്രതിയെ തിരിച്ചറിയുക എന്നത് പോലീസിനെ സംബന്ധിച്ചു വളരെ ദുഷ്കരമായിരുന്നു. വളരെയധികം സാങ്കേതിക തെളിവുകള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണ സംഘത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒമാരായ ടി.എന്‍. സുനില്‍കുമാര്‍, എ.കെ. മനോജ്, സിപിഒമാരായ കെ.ജി. അജിത്കുമാര്‍, എം.എസ്. വിപിന്‍, സി.കെ. ഷനൂഹ്, പി.വി. രജീഷ്, കെ.എ. ഹസീബ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.