കരുവന്നൂര്‍ സഹകരണ ബാങ്ക് വായപ്പാ തട്ടിപ്പ്; പ്രസിഡന്റ് അടക്കം നാലു ഭരണസമിതി അംഗങ്ങള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രസിഡന്റ് അടക്കം നാലു ഭരണസമിതി അംഗങ്ങള്‍ അറസ്റ്റില്‍. ബാങ്ക് പ്രസിഡന്റ് മാടായിക്കോണം സ്വദേശി കാട്ടിളപറമ്പില് വീട്ടില്‍ കെ.കെ. ദിവാകരന് മാസ്റ്റര്‍, ബാങ്ക് ഡയറക്ടര്‍മാരായിരുന്ന തളിയക്കോണം സ്വദേശി തൈവളപ്പില്‍ വീട്ടില്‍ ടി.എസ്. ബൈജു, പൊറത്തിശേരി വക്കയില്‍ വീട്ടില്‍ വി.കെ. ലളിതന്‍, മാപ്രാണം സ്വദേശി ചക്രമ്പുള്ളി വീട്ടില്‍ ജോസ് ചക്രമ്പുള്ളി എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ എട്ടോടെയാണ് ഇവരുടെ വീടുകളില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. സെപ്റ്റംബര്‍ രണ്ടിനു ബാങ്ക് ഭരണസമിതിയംഗങ്ങളെ പ്രതിചേര്‍ത്തു ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമിതിയംഗങ്ങളായ 12 പേരെ പ്രതി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ബാങ്ക് പ്രസിഡന്റ് മാടായിക്കോണം സ്വദേശി കാട്ടിളപറമ്പില് വീട്ടില്‍ കെ.കെ. ദിവാകരന് മാസ്റ്റര്‍, ബാങ്ക് ഡയറക്ടര്‍മാരായിരുന്ന തളിയക്കോണം സ്വദേശി തൈവളപ്പില്‍ വീട്ടില്‍ ടി.എസ്. ബൈജു, പൊറത്തിശേരി സ്വദേശി മുരിപറമ്പില് വീട്ടില്‍ എം.ബി. ദിനേഷ്, പൊറത്തിശേരി വക്കയില്‍ വീട്ടില്‍ വി.കെ. ലളിതന്‍, മൂര്‍ക്കനാട് സ്വദേശി കാരത്തുപറമ്പില് വീട്ടില്‍ കെ.വി. സുഗതന്, മാപ്രാണം സ്വദേശി നാട്ടുവള്ളി വീട്ടില്‍ എന്‍. നാരായണന്, കാട്ടുങ്ങച്ചിറ സ്വദേശി എര്വാടിക്കാരന് വീട്ടില്‍ എ.എം. അസ്ലാം, മാപ്രാണം സ്വദേശി ചക്രമ്പുള്ളി വീട്ടില്‍ ജോസ് ചക്രമ്പുള്ളി, മൂര്‍ക്കനാട് സ്വദേശി മേനാച്ചേരി വീട്ടില്‍ എം.എ. ജിജോരാജ്, കുഴിക്കാട്ടുകോണം സ്വദേശി കൊരമ്പില്‍ വീട്ടില്‍ അമ്പിളി മഹേഷ്, പൊറത്തിശേരി സ്വദേശി എടക്കാട്ടില്‍ വീട്ടില്‍ സുമതി ഗോപാലകൃഷ്ണന്, കരുവന്നൂര്‍ സ്വദേശി കക്കുഴി പിണ്ടിയത്ത് വീട്ടില്‍ മിനി നന്ദനന്‍ എന്നിവരെയാണു പ്രതികളായി ചേര്‍ത്തിരിക്കുന്നത്. ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന കരുവന്നൂര്‍ തിയ്യടി വീട്ടില്‍ ടി.ആര്. ഭരതന് മരണപ്പെട്ടിരുന്നു. ബാങ്കില്‍ നിന്നും അനധികൃതമായി നല്കിയ വായ്പയില്‍ ഭരണസമിതി അംഗങ്ങള്‍ക്കു പങ്കുണ്ടെന്നു വ്യക്തമായതോടെയാണ് ഇവരെയും പ്രതി ചേര്‍ത്തത്. ഇതോടെ 18 പേരാണു കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസില്‍ പ്രതികള്‍. ക്രൈംബ്രാഞ്ച് സംഘം ബാങ്കില്‍ നടത്തിയ വിശദമായ അന്വേഷണങ്ങളെ തുടര്‍ന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണു കേസെടുക്കുന്നത്. ഒന്നാം പ്രതി ബാങ്ക് മുന്‍ സെക്രട്ടറി മാടായിക്കോണം സ്വദേശി തൈവളപ്പില്‍ വീട്ടില്‍ സുനില്‍കുമാര്‍ (58), രണ്ടാം പ്രതി ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ മാപ്രാണം സ്വദേശി മുത്രത്തിപ്പറമ്പില് വീട്ടില്‍ എം.കെ. ബിജു (45), മൂന്നാം പ്രതി ബാങ്ക് മുന്‍ സീനിയര്‍ അക്കൗണ്ടന്റ് പൊറത്തിശേരി ചെല്ലിക്കര വീട്ടില്‍ ജില്‍സ് (43), അഞ്ചാം പ്രതി ബാങ്ക് റബ്കോ മുന്‍ കമ്മീഷന് ഏജന്റ് കൊരുമ്പിശേരി അനന്തത്ത് പറമ്പില്‍ വീട്ടില്‍ ബിജോയ് (47), ആറാം പ്രതി ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് മൂര്‍ക്കനാട് സ്വദേശി പുന്നപ്പിള്ളി വീട്ടില്‍ റെജി അനില്‍ (43) എന്നിവരാണ് അറസ്റ്റിലായവര്‍. ഭരണസമിതി അംഗങ്ങള്‍ക്കു പുറമേ പ്രതികളാക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ നാലാം പ്രതി ബാങ്ക് മെമ്പര്‍ പെരിഞ്ഞനം സ്വദേശി പള്ളത്ത് വീട്ടില്‍ കിരണ്‍ (31) മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഭരണസമിതിയിലെ എട്ടുപേരും അറസ്റ്റിലാകാനുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ വി.എ. ഉല്ലാസ്, ജോര്‍ജ് ജോസഫ്, സിഐമാരായ ടി.ഐ. ഷാജു, അനില്‍ മേപ്പുള്ളി, എഎസ്ഐമാരായ തോമസ് ആന്റണി, ദുര്‍ഗാദാസ്, സുഭാഷ്, ജസ്റ്റിന് എന്നിവര്‍ ക്രൈംബ്രാഞ്ച് സംഘത്തിലുണ്ടായിരുന്നു.
കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ്: ഭരണസമിതിയംഗങ്ങളുടെ അറസ്റ്റ്, പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട മുന്‍ ഭരണസമിതിയുടെ അറസ്റ്റു വൈകിക്കാന്‍ സമ്മര്‍ദം ശക്തമായിരുന്നു. കേസിന്റെ അന്വേഷണം റിമാന്‍ഡിലുള്ള ബാങ്ക് ജീവനക്കാരിലേക്കു കേന്ദ്രീകരിക്കണമെന്നു സിപിഎം പ്രാദേശിക ഘടകങ്ങള്‍ വഴിയും ആവശ്യമുയര്‍ന്നിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ പാര്‍ട്ടിയുടെ സഹായം തേടി ജില്ലാ നേതാക്കളെ വരെ ഭരണസമിതി അംഗങ്ങള്‍ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച് തിടുക്കം കാട്ടാതിരുന്നത്. തട്ടിപ്പിനു സഹായം നല്‍കിയതായി പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിട്ടും മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തയാറായത് ഒന്നര മാസത്തിലേറെ വൈകിയാണ്. കേസുമായി ബന്ധപ്പെട്ട് ഭരണസമിതിയംഗങ്ങള്‍ക്ക് ഇനി രക്ഷപ്പെടാനാവില്ല. ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനും ധനാപഹരണത്തിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കൂട്ടുനിന്നു എന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ആദ്യ ആറു പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങളാണു ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും ചുമത്തിയിരിക്കുന്നത്. ബാങ്കില്‍ നിന്നും അനധികൃതമായി നല്കിയ വായ്പയില്‍ ഭരണസമിതി അംഗങ്ങള്‍ക്കു പങ്കുണ്ടെന്നു വ്യക്തമായതോടെയാണ് ഇവരെയും പ്രതി ചേര്‍ത്തത്. സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളും ഉണ്ടാകും. ബാങ്ക് ഭരണസമിതി നടത്തിയതു കുറ്റകരമായ ഗൂഢാലോചനയാണെന്നു 2012 മുതലുള്ള ഓരോ ഓഡിറ്റ് റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. ഭരണസമിതി അതു മൂടിവെക്കുകയായിരുന്നു. ജീവനക്കാര്‍ നടത്തിയെന്ന് ആരോപിക്കുന്ന തട്ടിപ്പ് 300 കോടിവരെയെത്തിയതിനു പിന്നില്‍ ഭരണസമിതി അംഗങ്ങളുടെ ജാഗ്രത കുറവാണെന്നു വ്യക്തമായി. 2012 ല്‍ കണ്ടെത്തിയ തട്ടിപ്പിന് അപ്പോള്‍ത്തന്നെ നടപടി എടുത്തിരുന്നുവെങ്കില്‍ വലിയ തട്ടിപ്പിലേക്കെത്തില്ലായിരുന്നു. തട്ടിപ്പിനു കൂട്ടുനിന്നതും പ്രേരിപ്പിച്ചതും ഭരണസമിതിയാണെന്നു കേസില്‍ അറസ്റ്റിലായവര്‍ കോടതിയില്‍ രേഖാമൂലം അറിയിച്ചതും ഭരണസമിതിയുടെ കുറ്റകരമായ ഗൂഢാലോചനയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ശിക്ഷ കിട്ടാവുന്ന തട്ടിപ്പ്, ഉദ്യോഗസ്ഥതലത്തിലുള്ള വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ നാലു ഭരണസമിതി അംഗങ്ങളെ അറസ്റ്റു ചെയ്തതു പാര്‍ട്ടിയെ വെട്ടിലാക്കി. ബാങ്ക് പ്രസിഡന്റ് ദിവാകരന് പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ മാടായിക്കോണം സ്കൂള്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ സസ്പെന്‍ഷനിലാണ്. ജോസ് മാപ്രാണം പള്ളി ബ്രാഞ്ച് കമ്മിറ്റിയംഗം, ബൈജു തളിയക്കോണം ബ്രാഞ്ച് അംഗമാണ്. ലളിതന്‍ സിപിഐ പ്രവര്‍ത്തകനാണ്