മണ്ണാത്തിക്കുളം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു…മദ്യകുപ്പികളും മാലിന്യങ്ങളും വലിചെറിയുന്നത് ഇവിടെ…
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം ഇവിടെ നിന്നും ലഭിച്ച മദ്യകുപ്പികളുടെ എണ്ണം വ്യക്തമാക്കുന്നത്. തൊഴിലുറപ്പു തൊഴിലാളികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മണ്ണാത്തികുളത്തിന്റെ പരിസരം വൃത്തിയാക്കിയപ്പോഴാണു മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും കണ്ടത്. രാത്രികാലങ്ങളില്‍ ലഹരിമാഫിയ സജീവമാകുന്നതായും സൂചനകളുണ്ട്. കുളത്തിന്റെ പരിസരത്തു വെളിച്ചമില്ലായ്മയാണ് ഇക്കൂട്ടര്‍ക്ക് ഏറെ സഹായകരമാകുന്നത്. മാലിന്യങ്ങള്‍ കുളത്തിലേക്കു വലിച്ചെറിയുന്നതു മൂലം ജലസ്രോതസുകള്‍ മലിനമാവുകയാണ്. സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്നു മണ്ണാത്തിക്കുളം റെസിഡന്റ് അസോസിയേഷന് പ്രസിഡന്റ് ഗീത കെ. മേനോന്, സെക്രട്ടറി എ.സി. സുരേഷ് എന്നിവര്‍ നഗരസഭാ അധികൃതര്‍ക്കു പരാതി നല്കി.