കോവിഡ് പ്രതിരോധ ആംബുലന്‍സ് കട്ടപ്പുറത്ത് തന്നെ ;സമരവുമായി ബിജെപി
ആശുപത്രി കിടക്കയും ഗ്ലൂക്കോസ് സ്റ്റാന്‍ഡും രോഗിയുമായി പ്രതീകാത്മക പ്രതിഷേധ സമരവുമായി ബിജെപി
ഇരിങ്ങാലക്കുട: 600 ഓളം കോവിഡ് രോഗികളും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ചു വാര്‍ഡുകള്‍ തീവ്രനിയന്ത്രണങ്ങളുടെ പട്ടികയിലുമുള്ള നഗരസഭയിലെ കോവിഡ് പ്രതിരോധ ആംബുലന്‍സ് ഇപ്പോഴും കട്ടപ്പുറത്ത് തന്നെ. കഴിഞ്ഞ മാസം 31 നു ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരാന്‍ പോയ ആംബുലന്‍സ് ഠാണാവില്‍ കാനറ ബാങ്കിന് മുന്നില്‍ വച്ച് സ്വകാര്യ വാഹനവുമായി കൂട്ടിയിടിച്ച് മുന്‍ഭാഗം തകര്‍ന്ന അവസ്ഥയിലാണ്. കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെ 41 വാര്‍ഡുകളിലും എത്തിയിരുന്ന വണ്ടിയാണ് കഴിഞ്ഞ 25 ദിവസങ്ങളായി ടൗണ്‍ ഹാള്‍ കോമ്പൗണ്ടിലെ കാടുകള്‍ക്കിടയില്‍ കിടക്കുന്നത്.
നഗരസഭയുടെ വീഴ്ചയില്‍ പ്രതിഷേധിച്ച് ആംബുലന്‍സിനു മുന്നില്‍ ആശുപത്രി കിടക്കയും ഗ്ലൂക്കോസ് സ്റ്റാന്‍ഡുമായി പ്രതീകാത്മക സമരവുമായി ബിജെപി രംഗത്തെത്തി. സീനിയര്‍ കൗണ്‍സിലര്‍ അമ്പിളി ജയന് രോഗിയുടെ വേഷമണിഞ്ഞു. നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനകാര്യ സ്ഥാപനം വാടകക്കെടുത്ത് നല്കിയ വാഹനം സംബന്ധിച്ച് നഗരസഭയില്‍ രേഖകള്‍ ഒന്നും ഇല്ലെന്നും പാസഞ്ചര്‍ സര്‍വീസ് ആയി ഓടികൊണ്ടിരുന്ന വണ്ടി നിയമവിരുദ്ധമായി ആംബുലന്‍സ് സര്‍വീസായി സര്‍വീസ് നടത്തുകയായിരുന്നുവെന്നും സമരം ഉദ്ഘാടനം ചെയ്ത ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് പറഞ്ഞു. അപകടത്തിനു രണ്ടാഴ്ച മുമ്പ് വണ്ടിയുടെ ഡ്രൈവര്‍ ബ്രേക്കും മറ്റും നന്നാക്കേണ്ടതിനെ സംബന്ധിച്ച് നഗരസഭ ഭരണനേതൃത്വത്തെ ധരിപ്പിച്ചിരുന്നു. കോവിഡ് ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും സര്‍വീസ് നടത്തിയിരുന്ന വണ്ടി നഗരസഭയുടെ നിയമപരമായ വീഴ്ച മൂലം നാഥനില്ലാത്തെ അവസ്ഥയിലായെന്നും കൗണ്‍സിലര്‍ സന്തോഷ് ബോബന് കുറ്റപ്പെടുത്തി. കൗണ്‍സിലര്‍മാരായ ആര്‍ച്ച അനീഷ്, സരിത സുഭാഷ്, സ്മിത കൃഷ്ണകുമാര്‍, മായ അജയന്, വിജയകുമാരി അനിലന്‍ എന്നിവരും പങ്കെടുത്തു.