കരുവന്നൂര്‍ പുത്തന്‍തോട് പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കും
പുതുക്കിപ്പണിയുന്നത് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി
പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പിഡബ്ല്യുഡി ഒഴിവാക്കി
കരുവന്നൂര്‍: പുത്തന്‍തോട് പാലത്തിന് അറ്റകുറ്റപ്പണിയില്ല, പകരം റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി പുനര്‍നിര്‍മിക്കും. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത ഏഴരമീറ്റര്‍ വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണു കെഎല്‍ഡിസി കനാലിനു കുറുകെയുള്ള കരുവന്നൂര്‍ പുത്തന്‍തോട് പാലം വീതി കൂട്ടി നിര്‍മിക്കുക. ഏഴരമീറ്റര്‍ വീതിയില്‍ റോഡ്, അതിന് ഇരുവശത്തും ഫുട്പാത്തുകള്‍ എന്ന രീതിയിലായിരിക്കും പുതിയ നിര്‍മാണം. പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ടിന്റെ (കെഎസ്ടിപി) മേല്‍നോട്ടത്തിലാണു ജോലികള്‍. ലോകബാങ്കിന്റെ സാമ്പത്തികസഹായത്തോടെ 203 കോടി രൂപ ചെലവിലാണ്, കൂര്‍ക്കഞ്ചേരി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള 37 കിലോമീറ്റര്‍ റോഡ് ഏഴരമീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് വികസിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പുത്തന്‍തോട്, കണിമംഗലം പാലങ്ങളും 64 കള്‍വര്‍ട്ടുകളും പൊളിച്ച് വീതി കൂട്ടി പുനര്‍നിര്‍മിക്കും. ആദ്യഘട്ടത്തില്‍ കൊടുങ്ങല്ലൂര്‍ മുതല്‍ വെള്ളാങ്കല്ലൂര്‍ വരെയുള്ള ഭാഗത്താണു ജോലികള്‍ നടത്തുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായും മഴമൂലമാണ് പ്രവൃത്തികള്‍ വൈകുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2021 സെപ്റ്റംബറില്‍ നിര്‍മാണോദ്ഘാടനം നടത്തിയ പദ്ധതി രണ്ടുവര്‍ഷംകൊണ്ടു പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി പുത്തന്‍തോട് പാലം പൊളിച്ച് വീതി കൂട്ടി നിര്‍മിക്കുമെന്ന ഉത്തരവ് വന്നതോടെ പ്രളയത്തില്‍ ദുര്‍ബലമായ പാലം അറ്റകുറ്റപ്പണികള്‍ നടത്തി ശക്തിപ്പെടുത്താനുള്ള തീരുമാനം പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം മാറ്റിവെച്ചു. പാലത്തിന്റെ തെക്കുഭാഗത്തെ അപ്രോച്ച് റോഡിന്റെ ഒരുഭാഗം താഴേക്കിരുന്നത് പരിഹരിക്കുന്നതിനുള്ള പ്രവൃത്തികളാണു നടത്താനിരുന്നത്. 20 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരുന്നത്. നിര്‍മാണപ്രവര്‍ത്തനത്തിനായി തീയതി നിശ്ചയിക്കുകയും ഗതാഗത നിയന്ത്രണത്തിനുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും മഴ ശക്തമായി കനാലില്‍ വെള്ളം കയറിയതോടെ പ്രവൃത്തികള്‍ നീട്ടിവെക്കുകയായിരുന്നു. പുത്തന്‍തോട് പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കുമെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.