മാലാഖമാരെ, കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിങ്ങൾ തളരരുത്;
മരണത്തിനു കാവൽ നില്ക്കുന്ന അവസ്ഥയിലാണെങ്കിലും കോവിഡിനെതിരെ പോരാടുന്ന മാലാഖമാരെ നിങ്ങൾ തളരരുത്. കോവിഡ് വാർഡുകളിൽ പ്രവർത്തിക്കുന്ന മാലാഖമാരുടെ മാനസിക പ്രശ്നങ്ങൾ സ്വയം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള മനശാസ്ത്ര പരിശീലനങ്ങളുടെ വീഡിയോയുമായി സൈക്കോളജിസ്റ്റ് രംഗത്ത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കൗൺസിലറും സൈക്കോളജിസ്റ്റുമായ കെ.ജി. ജയേഷാണു ഇത്തരത്തിൽ വീഡിയോ തയാറാക്കിയിരിക്കുന്നത്. മാനസിക പ്രശ്നങ്ങൾ എന്തൊക്കെ, ലക്ഷണങ്ങൾ, എങ്ങനെ പരിഹരിക്കാം, മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുള്ള 10 മനശാസ്ത്ര ടിപ്സ് എന്നിവയാണു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു കൂടാതെ ആരോഗ്യ പ്രവർത്തകർക്കു ടെലി കൗൺസിലിംഗും നടത്തുന്നുണ്ട്. വിശ്രമമില്ലാതെ തുടർച്ചയായുള്ള ജോലിയും ജോലി ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറക്കവുമാണു ആരോഗ്യ രംഗത്തുള്ളവരെ ഏറെ അലട്ടുന്നത്. ഒരു കോവിഡ് രോഗി ക്വാറനൈ്റനിൽ കഴിയുമ്പോൾ ഏറ്റവും കൂടുതൽ ഇടപഴകുന്നത് നഴ്സുമാരായുമാണ്. ഇൗ സമയത്ത് മരണത്തെ മുഖാമുഖം കാണുന്നവരാണ് നഴ്സുമാർ. താൻ പരിചരിക്കുന്ന രോഗിക്കു പെട്ടന്നു സംഭവിക്കുന്ന മരണം ഒരു പക്ഷേ ആ നഴ്സിൽ വല്ലാതെ വിഷമത്തിനു കാരണമാകും. ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ലല്ലോ എന്നുള്ള ചിന്ത എന്നന്നേക്കുമായി ഇൗ നഴ്സിൽ സൃഷ്ടിക്കാം. രോഗബാധ ഞങ്ങളിലൂടെ കുടുംബത്തിനും സമൂഹത്തിനും പകരുമോ എന്ന വ്യാകുലതയും ഇവർക്കുണ്ട്. ഇതുമൂലം നഴ്സുമാരുടെ ഇടയിൽ ഉത്കണ്ഠ, വിഷാദം, പാനിക്ക് അറ്റാക്ക് തുടങ്ങിയ മാനസിക പ്രശ്നങ്ങൾ വർധിച്ചുവരികയാണെന്നു ബോധ്യമായിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ അവരിൽ വൈകാരിക പ്രശ്നങ്ങളും അമിതമായ ഭയവും ഉണ്ടാക്കുന്നുണ്ടെന്നു പല നഴ്സുമാരും നേരിട്ടും ഫോൺ വിളിച്ചും കൗൺസിലിംഗിനു എത്തി പങ്കുവച്ചതോടെയാണു ഇത്തരമൊരു വീഡിയോ ചെയ്യാൻ കാരണമെന്നു ജയേഷ് പറയുന്നു. പല വിദേശ രാജ്യങ്ങളിലെ നഴ്സുമാർക്കു യാതൊരുവിധ മനശാസ്ത്ര പിൻതുണ ലഭിക്കുന്നില്ല എന്നാണു അവരുടെ പരാതി. വിദേശരാജ്യങ്ങളിൽ നിന്നു പോലും ദിനംപ്രതി നിരവധി ആരോഗ്യപ്രവർത്തകരാണു ടെലികോൾവഴി കൗൺസിലിംഗിനു തയാറാകുന്നത്. കോവിഡ് എെസോലേഷൻ വാർഡുകളിലും ക്വാറനൈ്റനിലും കഴിയുന്നവരുടെയും കുടുംബാംഗങ്ങളുടെയും മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വീഡിയോയും ഇതിനോടകം തയാറാക്കിയിട്ടുണ്ട്. ഇതിൽ റിലാക്സേഷൻ ടെക്നിക്കുകൾ, ബ്രീത്തിംഗ് ടെക്നിക്സ്, ശാരീരിക പരിശീലനങ്ങൾ, മസ്കുലർ പരിശീലനങ്ങൾ, സെൽഫ് മോട്ടിവേഷൻ സ്കിൽസ് വർധിപ്പിക്കുന്ന പരിശീലനങ്ങൾ, മാനസിക പ്രശ്നങ്ങൾ കുറക്കുന്ന ഭക്ഷണ രീതികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടിലിരുന്നു ജോലി ചെയ്യുന്ന സമയത്തും ജോലി കഴിഞ്ഞും ചെയ്യാൻ കഴിയുന്ന വിധത്തിലാണു ഇൗ പരിശീലനങ്ങൾ തയാറാക്കിയിട്ടുള്ളത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവിഡ് പരിചരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു മാനസികാരോഗ്യം വർധിപ്പിക്കുന്നതിനോടൊപ്പം രോഗികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിനു വേണ്ടി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിശീലനങ്ങൾ ഇതിനോടകം നല്കി. 120 ഒാളം ആശുപത്രി ജീവനക്കാർ അതിൽ പങ്കെടുത്തു. രണ്ടു ഭാഗങ്ങളായിട്ടാണു വീഡിയോ തയാറാക്കിയിട്ടുള്ളത്. ഫോൺ: 9846196600.