ഇരിങ്ങാലക്കുട നഗരസഭ ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം ജീര്ണാവസ്ഥയില്
ഇരിങ്ങാലക്കുട: നഗരസഭയുടെ കീഴിലുള്ള ഗവ. ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം ജീര്ണാവസ്ഥയില്. കെട്ടിടത്തിന്റെ പരിശോധനാ മുറിയില്‍പോലും സീലിംഗില്നിന്നും ഈര്‍പ്പം അടിച്ച് കോണ്‍ക്രീറ്റ് നിരന്തരം അടര്‍ന്നുവീണ് ഇരുമ്പുകമ്പികള്‍ പുറത്തു കാണുന്ന സ്ഥിതിയിലായിരിക്കുകയാണ്. ഇ.എം. പ്രസന്നന് നഗരസഭ ചെയര്‍മാനും ലോനപ്പന് നമ്പാടന് എംഎല്‍എയുമായിരുന്ന വേളയില്‍ 1999 മാര്‍ച്ച് 20ന് അന്നത്തെ ആരോഗ്യവകുപ്പു മന്ത്രി എ.സി. ഷണ്മുഖദാസാണ് ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്തത്. കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററായി പ്രവര്‍ത്തിക്കാന്‍ നഗരസഭ അനുവദിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിലാണ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് കെഎസ്ആര്‍ടിസി പുതിയ കെട്ടിടം നിര്‍മിച്ച് ഓഫീസ് മാറ്റിയതോടെ കെട്ടിടം പൂര്‍ണമായും നഗരസഭ ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കി. ദിവസേന നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ രോഗികളും ജീവനക്കാരും ഭയപ്പാടിലാണ്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കെട്ടിടത്തിനു മുകളില്‍ ഇരുമ്പ് ഷീറ്റ് ഇട്ടിട്ടുണ്ടെങ്കിലും സിമന്റ് അടര്‍ന്നുവീഴുന്നത് തുടരുകയാണ്. അതിനാല്‍ അടിയന്തരമായി കെട്ടിടം പുതുക്കിപ്പണിയാന്‍ നഗരസഭ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം ആശുപത്രിയുടെ തകര്‍ന്നുവീഴാറായ മതിലും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കും നഗരസഭ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ കെട്ടിടം പുതുക്കിപ്പണിയാനുള്ള സത്വരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ നഗരസഭാ അധികൃതരോടാവശ്യപ്പെട്ടു.