താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടികയറി
താഴെക്കാട്: സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ കാല്‍വരിയിലെ പരിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നതിന്റെ ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ട് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടികയറി. ആര്‍ച്ച് പ്രീസ്റ്റ് ഡോ. പ്രഫ. ലാസര്‍ കുറ്റിക്കാടന്‍ കൊടി ഉയര്‍ത്തികൊണ്ട് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. ചരിത്രസ്മരണ ഉണര്‍ത്തുന്ന പഴയപള്ളിയിലെ തേക്കില്‍ നിര്‍മിച്ച 100കിലോ തൂക്കം വരുന്ന പ്രധാന കുരിശ് തിരുനാളിനോടനുബന്ധമായി പള്ളിനടയില്‍ പ്രതിഷ്ഠിച്ചു. തിരുനാള്‍ പരിപാടിയുടെ ഭാഗമായി വെഞ്ചിരിച്ച കുരിശുകള്‍ ഇടവകയിലെ മുഴുവന്‍ ഭവനങ്ങളിലേക്ക് നല്കി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 12 മുതല്‍ ഒന്നു വരെ വചനോപാസന, വൈകീട്ട് അഞ്ചിന് ദിവ്യകാരുണ്യ ആരാധന, ദിവ്യബലി, ലദീഞ്ഞ്, നൊവേന, പള്ളിചുറ്റി ജപമാല പ്രദക്ഷിണം, കുരിശുവന്ദനം, ശനിയാഴ്ച ദിവ്യകാരുണ്യ പ്രദക്ഷിണം പള്ളിയും കുരിശടിയും ചുറ്റുന്നത് ഈ തിരുനാളിന്റെ പ്രത്യേകതയാണ്. തിരുനാള്‍ ദിനമായ ഞായറാഴ്ച ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിച്ചേരുന്ന മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്തിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് ഇടവക ദിനത്തിന്റെ ആഘോഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു, ടി.എന്‍. പ്രതാപന് എംപി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ തുടങ്ങിയവര്‍ പങ്കെടുക്കും. തിരുനാളിനോടനുബന്ധിച്ച് ‘ഭവനരഹിത വിമുക്ത ഇടവക’ ഉദ്ഘാടനവും ‘മാലിന്യവിമുക്ത താഴെക്കാട് ഗ്രാമം പദ്ധതി’ ഉദ്ഘാടനവും നടക്കും. ആര്‍ച്ച് പ്രീസ്റ്റ് ഡോ. പ്രഫ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരി ഫാ. സിബിന് വാഴപ്പിള്ളി, കൈക്കാരന്മാരായ തോമസ് തെക്കേത്തല, ജെയ്ക്കബ് കുഴുവേലി, ബെന്നി തൊമ്മാന, ജോസഫ് പള്ളിപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ പ്ലാശേരി, ജോയിന്റ് കണ്‍വീനര്‍ മാത്യൂസ് കരേടന് എന്നിവര്‍ നേതൃത്വം നല്‍കും.