കൃഷ്ണകുമാര്‍ മാപ്രാണത്തിന് മാധവിക്കുട്ടി സ്മാരക പുരസ്ക്കാരം
ഇരിങ്ങാലക്കുട: തൃശൂര്‍ സര്‍ഗസാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി സ്മാരക പുരസ്കാരം കൃഷ്ണകുമാര്‍ മാപ്രാണം രചിച്ച ഒരില മഴത്തുള്ളിയോട് പറഞ്ഞ സ്വകാര്യങ്ങള്‍ എന്ന കൃതിക്ക് ലഭിച്ചു. 15001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഡോ.ടി.കെ. പുഷ്ക്കരന്‍, രവീന്ദ്രന് മലയങ്കാവ്, ഡോ.എം.വി. അമ്പിളി എന്നിവരടങ്ങുന്ന ജൂറിയാണ് കൃതി തെരഞ്ഞെടുത്തത്. ജൂഡീഷ്യറി വകുപ്പില്‍ നിന്നും വിരമിച്ച കൃഷ്ണകുമാര്‍ മാപ്രാണം പത്രമാസികകളിലും ആനുകാലികങ്ങളിലുമായി ഇതിനോടകം അനവധി രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാമൊഴി, മഴനൂല്‍ക്കനവുകള്‍, സ്വര്‍ണം പൂശിയ ചെമ്പോലകള്‍, ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍ എന്നീ കാവ്യസമാഹാരങ്ങളും വളഞ്ഞരേഖകള്‍ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യക്ഷിയമ്മ എന്ന പേരില്‍ കവിതയുടെ കാസറ്റും പോത്തിക്കരമ്മ എന്നീ ഓഡിയോ കാസറ്റിനുവേണ്ടി ഗാനങ്ങളും ഫേറ്റ് എന്ന ഷോര്‍ട്ട് ഫിലിമിനുവേണ്ടി തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. മരണസങ്കീര്ത്തനം എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ചു. മണ്‍സൂണ്‍ ബുക്സിന്റെ ഭാരവാഹിയും സെവന്‍ലീഫ് ഡിജിറ്റല്‍ മാസികയുടെ എഡിറ്ററും കൂടിയാണ്. വിവിധ സാംസ്കാരിക സാഹിത്യമേഖലയിലും സജീവമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണകുമാര്‍ മാപ്രാണം ഇരിങ്ങാലക്കുട വാരിയര്‍ സമാജം യൂണിറ്റ് അംഗമാണ്. ശങ്കരമംഗലം വാരിയത്ത് താമസിക്കുന്നു. ഭാര്യ: ഷീല (സംഗീതാധ്യാപിക) മകള്‍: അശ്വതി.