ക്രൈസ്തവ പാരമ്പര്യത്തിന്റെ പെരുമയില്‍ ഹൃദ്യമായി മാര്‍ഗംകളി
ഇരിങ്ങാലക്കുട: മെയ്ക്കണീന്ത മയില്‍മേല്‍ തോന്നും മേനിയും… കുരിശുപതിച്ച നിലവിളക്കിനു മുന്നില്‍ പ്രാര്‍ഥനയുടെ കൂപ്പുകരങ്ങളുമായി വട്ടംനിന്നു കുമാരിമാരുടെ വന്ദനഗാനം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാര്‍ഗംകളിയുടെ പാദങ്ങള്‍ ചിട്ടയിലും താളത്തിലും ആടിക്കളിച്ചപ്പോള്‍ ആസ്വാദകരുടെ മനസ് നിറഞ്ഞു. പരമ്പരാഗത ക്രൈസ്തവ കലാരൂപമായ മാര്‍ഗംകളിയുടെ പെരുമ അറിയിച്ച് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒമ്പത് ടീമുകളും മികവോടെ അവതരിപ്പിച്ചു. മുടി മായിക്കെട്ടുകെട്ടി വേഷത്തനിമയുള്ള ചട്ടയും, 24 ഞൊറിയിട്ട മുണ്ടും കസവുനേരിയതും. മേല്‍ക്കാതിലെ കുണുക്കിന് താഴെ അഞ്ചു വെള്ളക്കല്ലു പതിച്ച കമ്മല്‍, കഴുത്തിലെ കാശുമാല, കൈയില്‍ കാപ്പുവള, കാലില്‍ തള, കാലില്‍ പന്ത്രണ്ടും കൈവളളയില് ഏഴും മൈലാഞ്ചിപ്പൊട്ട്. വശ്യമായ ആലാപനത്തിന്റെ താളലയങ്ങളില്‍ ആറുപേരുള്ള ടീമുകള്‍ ഒന്നിനൊന്നു മികവോടെ ആടിത്തകര്‍ത്തു. മലയാളവും തമിഴും സുറിയാനിയും ചേര്‍ന്ന വ്യത്യസ്ത ഈണങ്ങളുടെ കയറിയിറക്കങ്ങളുള്ള ശീലുകള്‍ അതിവേഗത്തില്‍ ഏഴോ എട്ടോ പാദങ്ങളായി അവതരിപ്പിക്കുന്ന മാര്‍ഗംകളി ഇനം കാഴ്ചയുടെ വിരുന്നായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കുന്നംകുളം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2018 ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. വയനാട് സ്വദേശിയായ സെബാസ്റ്റിയന് മാസ്റ്ററാണ് മാര്‍ഗംകളി അഭ്യസിപ്പിച്ചത്.