പൊറത്തൂച്ചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചു
പൊറത്തിശേരി: പൊറത്തൂച്ചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം പൊറത്തിശേരി മേഖലാ കമ്മിറ്റി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചു. നഗരസഭയിലെ 32, 33, 35, 36 എന്നീ വാര്‍ഡുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും കല്ലടത്താഴം, തളിയക്കോണം പടവുകളിലെ നെല്‍കൃഷിക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുമായി മുണ്ടകന്‍ കൊയ്ത്തിന്ശേഷം സംയുക്ത കര്‍ഷക സമിതി പാടശേഖരത്തില്‍ പതോലി പാലത്തിന് സമീപം നിര്‍മ്മിച്ചിട്ടുള്ള സ്ലൂയിസ് ഷട്ടര്‍ അടച്ച് വെള്ളം സംഭരിച്ചു നിര്‍ത്തുന്നത് പൊറത്തുച്ചിറയിലാണ്. തുലാവര്‍ഷക്കാലത്ത് ലഭിക്കുന്ന മഴവെള്ളം സംഭരിച്ചാണ് പൊറത്തൂച്ചിറ ജലസമൃദ്ധമാക്കുന്നത്.
എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇരിങ്ങാലക്കുട പട്ടണത്തിലെ തരിശിട്ടിരിക്കുന്ന ചെളിയംപാടം, കാട്ടൂര്‍ റോഡിനു സമീപം പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലമാണ് ചിറയില്‍ ഒഴുകിയെത്തുന്നത്. ചില സാമൂഹ്യദ്രോഹികള്‍ സെപ്റ്റിക് ടാങ്ക് മാലിന്യവും ചിറയിലേക്കെത്തുന്ന കല്ലേരിത്തോടില്‍ ഒഴുക്കിവിടുന്നുണ്ട്. തന്മൂലം ചിറയിലെ വെള്ളം കറുത്തിരുണ്ട് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ നിരന്തരം പരാതിപ്പെട്ടുവരികയാണ്. മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ക്ക് പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകസംഘം പൊറത്തൂച്ചിറയോരത്ത് പ്രതിഷേധസമരത്തിന്റെ ഭാഗമായി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചത്. കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഐ.ആര്. ബൈജു അധ്യക്ഷത വഹിച്ചു. സി.പി.എം പൊറത്തിശേരി ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍, കെ.ജെ. ജോണ്സണ്, വി.എസ്. പ്രതാപന്, കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, സതി സുബ്രഹ്മണ്യന്, ലേഖ ഷാജന്, സി.എം. സാനി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ ഭാരവാഹികളായ അഡ്വ. പി.പി. മോഹന്‍ദാസ്, റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകസംഘം പൊറത്തിശേരി മേഖലാ സെക്രട്ടറി എം. നിഷാദ് സ്വാഗതവും, സി.ആര്. മനോജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ലഘുനാടകം, കഥാപ്രസംഗം, നാടന്‍പാട്ട്, പുല്ലാങ്കുഴല്‍ കച്ചേരി, കവിതാലാപനം തുടങ്ങിയവ അരങ്ങേറി. പ്രതിരോധകലാസന്ധ്യയുടെ ഭാഗമായി ചിറയിലെ വെള്ളവും, മണ്ണും സംരക്ഷിച്ച് പ്രദേശവാസികളുടെയും, പക്ഷിമൃഗാദികളുടെയും ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് ബഹുജനങ്ങള്‍ ഒപ്പിട്ട നിവേദനം നല്‍കിയിട്ടുണ്ട്.