ചവിട്ടുനാടക വേദിയിലെ കുഴികള്‍ വില്ലനായി; മത്സരാര്‍ഥികളുടെ കാലിനു പരിക്ക്
ഇരിങ്ങാലക്കുട: ഗേള്‍സ് സ്കൂളിലെ ചവിട്ടുനാടക വേദിയിലെ കുഴികള്‍ വില്ലനായി. മത്സരത്തില്‍ പങ്കെടുത്ത രണ്ടു കുട്ടികള്‍ തളര്‍ന്നുവീണ് കാലുകള്‍ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ടി.ജെ. മീര, പത്താം ക്ലാസ് വിദ്യാര്‍ഥിനി രഞ്ജന എന്നിവര്‍ക്കാണ് പരിക്കേറ്റത്. മത്സരത്തില്‍ ജാന്‍സി റാണിയായി വേഷമിട്ടത് ടി.ജെ. മീരയാണ്. ചവിട്ടുനാടക മത്സരത്തിന് യോജിച്ചതല്ല ഈ വേദിയെന്ന് കുട്ടികളും അധ്യാപകരും പറഞ്ഞു. ചവിട്ടുമ്പോള്‍ ശബ്ദത്തിന്റെ തീവ്രത ഈ വേദിയില്‍ അറിയുവാന്‍ സാധിച്ചിരുന്നില്ല. വേദിയില്‍ രണ്ടിടത്ത് കുഴികള്‍ ഉണ്ടായിരുന്നതും വേദിയുടെ പ്രതലത്തിന്റെ ഉയര വ്യത്യാസവുമാണ് മത്സരത്തിനിടെ പരിക്കു പറ്റുവാന്‍ കാരണം. കുഴഞ്ഞു വീണ മത്സരാര്‍ഥികളെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ടൗണ്‍ഹാളില്‍ നടക്കേണ്ട മത്സരം വേദികള്‍ മാറ്റിയതിനെ തുടര്‍ന്ന് ഡോണ്‍ബോസ്കോ സ്കൂളിലേക്കും പിന്നീട് ഗേള്‍സ് സ്കൂളിലേക്കും മാറ്റുകയാണുണ്ടായത്. ടൗണ്‍ ഹാളില്‍ കലോത്സവത്തിലെ വേദികളുടെ മാറ്റം ഇത്തവണ ഏറെ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു. സമാപന ദിവസമായ ഇന്നലെയും വേദികളുടെ മാറ്റം ഉണ്ടായിരുന്നു. പ്രധാന വേദിയയ ടൗണ്‍ഹാളില്‍ നടക്കേണ്ട സംഘനൃത്തം ഉച്ചക്ക് ലിറ്റില്‍ ഫഌവര്‍ സ്കൂളിലെ വേദിയിലേക്ക് മാറ്റുകയായിരുന്നു. ഇത് പല മത്സരാര്ഥികളും അറിയുവാന്‍ വൈകിപ്പോയി.