വികസനത്തിന്റെ ചൂളം വിളി കാത്ത് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
യാത്രക്കാരുടെ കണക്കില്‍ മുന്നില്‍, വികസനത്തില്‍ പിന്നില്‍, അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ല
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ പരാതികള്‍ക്ക് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും ഈ സ്റ്റേഷനില്‍ വികസനം കൊണ്ടുവരന്‍ അധികൃതര്‍ മടിക്കുകയാണ്.
ഇരിങ്ങാലക്കുട: ജില്ലയിലെ ഏറ്റവും പഴക്കംചെന്ന റെയില്‍വേ സ്റ്റേഷനായിട്ടും അവഗണനയുടെ ചരിത്രമാണ് പറയാനുള്ളത്. റെയില്‍വേയുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ ഇല്ലാതായതോടെയാണ് സ്റ്റേഷന് വികസനം പിറകോട്ടടിക്കുന്നത്. സമീപ റെയില്‍വേ സ്റ്റേഷനുകളെല്ലാം ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിക്കുമ്പോഴും കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മാത്രം അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. നാല് നിയോജക മണ്ഡലങ്ങളിലെ യാത്രക്കാരുടെ ആശ്രയമാണ് ഈ സ്റ്റേഷന്. തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളതും ഇരിങ്ങാലക്കുടയില്‍ നിന്നാണ്. വര്‍ഷത്തില്‍ രണ്ടുലക്ഷത്തിലേറെ യാത്രക്കാരാണ് ഇവിടെനിന്ന് യാത്രചെയ്യുന്നത്. നേരത്തേ ഇവിടെ സ്റ്റോപ്പുണ്ടായിരുന്ന പല ട്രെയിനുകള്‍ക്കും ഇപ്പോള്‍ സ്റ്റോപ്പില്ല. കോവിഡിന് മുമ്പുവരെ രാത്രി 12നും പുലര്‍ച്ചെ നാലിനും ഇടയില്‍ അഞ്ച് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്നു. എന്നാല്‍, ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ഈ സ്റ്റോപ്പുകള്‍ റെയില്‍വേ പിന്‍വലിച്ചു. ഇതുമൂലം രാത്രിയിലെത്തുന്ന യാത്രക്കാര്‍ തൃശൂരിലിറങ്ങേണ്ട അവസ്ഥയാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കാന്റീന് അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. നിലവില്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഒരു കാന്റീന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത് രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെനിന്ന് തെക്കോട്ട് യാത്രചെയ്യാനെത്തുന്നത്. റെയില്‍വേ സ്റ്റേഷന്റെ മുന്‍വശം മുതല്‍ റോഡുവരെയുള്ള ഭാഗം ട്രസ് ചെയ്യുന്നതിനും റോഡില്‍നിന്ന് സ്റ്റേഷന് ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് കവാടം നിര്‍മിക്കാനുമുള്ള പദ്ധതിയും നീണ്ടുപോകുകയാണ്. വികസനഫണ്ടില്‍നിന്ന് ടി.എന്‍. പ്രതാപന് എംപി അനുവദിച്ച 50 ലക്ഷം രൂപയുടെ പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇടപെടലുകള്‍ ഉണ്ടാകാത്തതിനാല്‍ അതും നീണ്ടുപോകുകയാണ്.
അമൃത ഭാരത് റെയില്‍വേ നവീകരണ പദ്ധതി,ഇരിങ്ങാലക്കുട സ്റ്റേഷന് പുറത്ത്
അമൃത ഭാരത് നവീകരണ പദ്ധതിയില്‍ നിന്ന് ഇരിങ്ങാലക്കുട റെില്‍വേ സ്റ്റേഷന് പുറത്തായി. ദക്ഷിണ റെയില്‍വേ കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത 26 സ്റ്റേഷനുകളുടെ പട്ടികയില്‍ നിന്നാണ് ഇരിങ്ങാലക്കുട പുറത്തായത്. ജില്ലയില്‍ നിന്ന് ചാലക്കുടി, ഗുരുവായൂര്‍ സ്റ്റേഷനുകള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യളുടെ കുറവും ട്രെയിനുകളുടെ നിലവിലുണ്ടായിരുന്ന സ്റ്റോപ്പ് എടുത്ത് കളഞ്ഞതും സ്റ്റേഷനെ പിറകോട്ടടിക്കുകയാണ്.
തുടരുന്ന അവഗണന, പരിമിതികള്‍ക്കുള്ളിലെ സൗകര്യങ്ങള്‍
24 ണിക്കൂറും ടിക്കറ്റെടുക്കുവാന്‍ സൗകര്യം. രാവിലെ എട്ടുമുതല്‍ 12 മണിക്കൂര്‍ റിസര്‍വേഷന്‍ സൗകര്യം. ബള്‍ക്ക് ബുക്കിംഗ്, ടിക്കറ്റ് റദ്ദാക്കല്‍, തത്കാല്‍ ടിക്കറ്റുകള്‍, സ്ഥിരം യാത്രക്കാര്‍ക്ക് 150 കിലോമറ്റര്‍ വരെ സീസണ് ടിക്കറ്റ്. – ഈ സൗകര്യങ്ങളെല്ലാം ഇരിങ്ങാലക്കുട സ്റ്റേഷനിലുണ്ട്. ഇരുഭാഗത്തേക്കുമായി 48 ട്രെയിനുകള്‍ നിര്‍ത്തുന്ന ഈ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ എണ്ണം ഏറെയാണ്. എന്നാല്‍ ഇരിങ്ങാലക്കുട സ്റ്റേഷനിലെ അസൗകര്യങ്ങളെ കുറിച്ചുള്ള യാത്രക്കാരുടെ വിലാപങ്ങളാരംഭിച്ചീട്ട് കാലങ്ങളേറെയായി. ഇപ്പോഴും പരിഹാരമില്ലാത്ത പരാതികളുമായാണ് ഇരിങ്ങാലക്കുടയില്‍ നിന്നും തീവണ്ടികള്‍ ഓടുന്നത്. കോവിഡിനു ശേഷം അഞ്ച് ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് റെയില്‍വേ പിന്‍വലിച്ചത്. പാലരുവി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാത്തതും യാത്രക്കാരെ വലക്കുകയാണ്. ജനപ്രതിനിധികള്‍ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയാണ് വികസനങ്ങള്‍ക്ക് തടസമെന്ന് യാത്രക്കാര്‍ ആരോപിച്ചു. സ്ഥലം എംപിയോ എംഎല്‍എയോ സ്റ്റേഷന് വികസനകാര്യത്തില്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.