രാത്രി ചൂടും പവര്‍കട്ടും; ഉറക്കം നഷ്ടപ്പെട്ട് സാധാരണക്കാര്‍

അറിയിപ്പിന് മുമ്പേ വൈദ്യുതി നിലയ്ക്കുന്നു; വ്യാപക പരാതി
ഇരിങ്ങാലക്കുട: മഴ മാറിനിന്നതോടെ രാത്രിയിലെ അസഹനീയമായ ചൂടിനൊപ്പം ഇടയ്ക്കിടെയുള്ള വൈദ്യുതിമുടക്കുകൂടി എത്തിയതോടെ ദുരിതത്തിലായി സാധാരണക്കാര്‍. എപ്പോഴാണ് വൈദ്യുതി നിലയ്ക്കുകയെന്നോ എപ്പോള്‍ പുനഃസ്ഥാപിക്കുമെന്നോ വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിലും പരിസരപ്രദേശങ്ങളിലും രാത്രികാല വൈദ്യുതിമുടക്കം പതിവായി. പല പ്രദേശങ്ങളിലും രാത്രിയില്‍ രണ്ടിലേറെ തവണ വൈദ്യുതി മുടങ്ങിയതായാണ് ഉപയോക്താക്കളുടെ പരാതി.
നഗരസഭാ പരിധിയോട് ചേര്‍ന്നുള്ള വിവിധ കെഎസ്ഇബി സെക്ഷനുകളിലാണ് വൈദ്യുതിമുടക്കം കൂടുതലായി അനുഭവപ്പെട്ടത്. പകല്‍ സമയത്തും പലതവണ വൈദ്യുതി നിലയ്ക്കുന്നുണ്ടെന്നും ഇതുമൂലം വീട്ടുജോലികളും മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുന്നതായും വീട്ടമ്മമാര്‍ പറയുന്നു.
വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് രാത്രി ഏഴിന് ശേഷം വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പല പ്രദേശങ്ങളിലും ആറരയോടെ തന്നെ വൈദ്യുതി നിലച്ചതായി ഉപയോക്താക്കള്‍ പറയുന്നു. രാത്രി ഒമ്പതുമണിയോടെയും 11 മണിക്ക് ശേഷവും വീണ്ടും വൈദ്യുതി മുടങ്ങിയതോടെ പല കുടുംബങ്ങളുടെയും ഉറക്കവും താളം തെറ്റി.
ഉറങ്ങാന്‍ കിടന്നപ്പോഴേക്കും കറന്റ് പോയി
രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് വൈദ്യുതി നിലച്ചതോടെ ചൂടില്‍ ഏറെ നേരം ബുദ്ധിമുട്ടിയ ശേഷമാണ് പലരും ഉറങ്ങിയത്. വൈദ്യുതി പുനഃസ്ഥാപിച്ചതോടെ ആശ്വാസത്തോടെ ഉറങ്ങിയെങ്കിലും രാത്രി 11.15 ഓടെ വീണ്ടും വൈദ്യുതി മുടങ്ങിയതോടെ ഉറക്കം വീണ്ടും നഷ്ടപ്പെട്ടതായി ഉപയോക്താക്കള്‍ പറയുന്നു. ചെറിയ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് രാത്രിയിലെ വൈദ്യുതിമുടക്കം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്.
വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നതിനനുസരിച്ച് പവര്‍കട്ട് സംബന്ധിച്ച തീരുമാനം അവസാന നിമിഷങ്ങളിലായാണ് ലഭിക്കുന്നതെന്നാണ് കെഎസ്ഇബി ജീവനക്കാരുടെ വിശദീകരണം. അതിനാല്‍ മുന്‍കൂട്ടി കൃത്യമായ അറിയിപ്പ് നല്കാന് സാധിക്കാത്ത സാഹചര്യമാണെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ വൈദ്യുതി മുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് വിവരം ലഭിക്കുന്നതെന്ന വിശദീകരണം ഉപയോക്താക്കളുടെ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.
ഇന്വെര്ട്ടറുള്ളവര്ക്ക് ആശ്വാസം; മറ്റുള്ളവര്‍ വലയുന്നു
ഇന്‍വെര്‍ട്ടര്‍, ബാറ്ററി തുടങ്ങിയ ബദല്‍ വൈദ്യുതി സംവിധാനങ്ങളുള്ള വീടുകളെ പവര്‍കട്ട് കാര്യമായി ബാധിച്ചില്ലെങ്കിലും ഇത്തരം സൗകര്യങ്ങളില്ലാത്ത സാധാരണ കുടുംബങ്ങളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. രാത്രിയിലെ ചൂടില്‍ ഫാന്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം കുട്ടികളെയും വയോധികരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു. മഴയില്ലാത്തതിനാല്‍ അന്തരീക്ഷത്തിലെ ചൂട് കൂടിയിരിക്കുന്ന സാഹചര്യത്തില്‍ രാത്രിയിലെ തുടര്‍ച്ചയായ വൈദ്യുതിമുടക്കം ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വൈദ്യുതി നിയന്ത്രണം അനിവാര്യമാണെങ്കില്‍ പോലും ഏത് പ്രദേശത്ത്, ഏത് സമയത്ത്, എത്ര നേരം വൈദ്യുതി മുടങ്ങുമെന്നത് സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് നേരത്തെ നല്‍കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം. പകല്‍ സമയത്തെ വൈദ്യുതിമുടക്കിനൊപ്പം രാത്രിയിലും ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്കുന്നത് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ജനങ്ങളുടെ ദുരിതം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജെനില്‍ ജോണിനെ ആദരിച്ചു
രാഘവന് പൊഴേക്കടവിലിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു