ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
കാലപഴക്കം ചെന്ന ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടം.
പഴയ സമുച്ചയം പൊളിച്ചുനീക്കും; ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ബസ് സ്റ്റാന്‍ഡിന് നീക്കം, ഒരേക്കര്‍ 25 സെന്റ് അധികഭൂമി കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം
ഇരിങ്ങാലക്കുട: കാലപ്പഴക്കം ചെന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് ശാപമോക്ഷമാകുന്നു. നിലവിലെ ബസ് സ്റ്റാന്‍ഡ് സമുച്ചയം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നതതലയോഗം ചേരും. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്. ബസ് സ്റ്റാന്‍ഡ് വികസനത്തിനായി തയാറാക്കിയ വിശദമായ പദ്ധതിരേഖ (ഡിപിആര്‍) പരിശോധിക്കുകയും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുകയുമാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, ആര്‍ഡിഒ, തഹസില്‍ദാര്‍, ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ബജറ്റില്‍ ബസ് സ്റ്റാന്‍ഡ് വികസനത്തിനായി 10 കോടി രൂപ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിക്ക് ആവശ്യമായ തുടര്‍ ധനസഹായം ഉറപ്പാക്കി വികസനപ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിനുള്ള നീക്കം ശക്തമാക്കുന്നത്. വികസനത്തിനായി നഗരസഭ നേരത്തേ വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിന് സമ്മതപത്രം ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഏജന്‍സികളും സ്ഥാപനങ്ങളും പദ്ധതിരേഖകള്‍ നഗരസഭയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ലഭിച്ചിട്ടുള്ള ഡിപിആറുകള്‍ യോഗത്തില്‍ വിശദമായി പരിശോധിക്കും. നിലവിലെ ബസ് സ്റ്റാന്‍ഡിലെ സ്ഥലപരിമിതിയാണ് വികസനത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന്.
ഇത് മറികടക്കുന്നതിനായി സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്ത് നിലവില്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതും വില്ലേജ് രേഖകളില്‍ സ്കൂള്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഒരേക്കര്‍ 25 സെന്റ് സ്ഥലം കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നഗരസഭയുടെ നീക്കം. ഈ സ്ഥലം ബസ് സ്റ്റാന്‍ഡ് വികസനത്തിനായി വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നഗരസഭ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കാത്തതിനാല്‍ വിഷയം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കമ്മിറ്റി രൂപീകരിച്ച അനുമതി ലഭിക്കുന്നതോടെ അധികഭൂമി കൂടി ഉപയോഗപ്പെടുത്തി വിപുലമായ ബസ് സ്റ്റാന്‍ഡ് സമുച്ചയം യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
1963ലെ കെട്ടിടത്തിന് പകരം പുതിയ സമുച്ചയം
1963ല്‍ നിര്‍മിച്ച ബസ് സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്തെ പഴയ ഇരുനില കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കാനാണ് തീരുമാനം. ആദ്യകാലത്ത് ചെറിയ രീതിയില്‍ നിര്‍മിച്ച ബസ് സ്റ്റാന്‍ഡ് പിന്നീട് പടിഞ്ഞാറുഭാഗത്തേക്ക് വികസിപ്പിച്ചിരുന്നെങ്കിലും നഗരത്തിന്റെ ഗതാഗതവളര്ച്ചയ്ക്കൊപ്പം സ്റ്റാന്‍ഡിന്റെ സൗകര്യങ്ങള്‍ അപര്യാപ്തമാകുകയായിരുന്നു. നിലവില്‍ നാലുഭാഗത്തുനിന്നുമായി മിനിറ്റുകള്‍ ഇടവിട്ട് ബസുകള്‍ എത്തുന്നതും സര്‍വീസുകളുടെ എണ്ണം വര്‍ധിച്ചതും സ്റ്റാന്‍ഡില്‍ കടുത്ത തിരക്കിന് കാരണമാകുന്നു. ഒരേസമയം നിരവധി ബസുകള്‍ എത്തുകയും പുറപ്പെടുകയും ചെയ്യേണ്ടിവരുന്നതിനാല്‍ സ്റ്റാന്‍ഡിനുള്ളില്‍ മാത്രമല്ല, സമീപത്തെ പ്രധാന റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്.
യാത്രക്കാരുടെ എണ്ണം വര്ധിച്ചതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പഴക്കം ചെന്ന കെട്ടിടങ്ങളും നഗരത്തിന്റെ പ്രധാന ഗതാഗതകേന്ദ്രമായ ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് ശാശ്വതപരിഹാരം കാണുന്നതിനാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബസ് സ്റ്റാന്‍ഡ് എന്ന ആശയത്തിന് നഗരസഭ മുന്‍ഗണന നല്‍കുന്നത്. പുതിയ പദ്ധതിയിലൂടെ കൂടുതല്‍ ബസുകള്‍ സുഗമമായി കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതക്രമീകരണം എന്നിവ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഡിപിആര്‍ പരിശോധിച്ചുള്ള ഉന്നതതലയോഗത്തിലെ തീരുമാനങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് നീക്കം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി