നഗരസഭയുടെ മഹാത്മ പാര്‍ക്ക് ഉപയോഗിക്കാന്‍ ഇനി ഫീസ് വേണം
ഇരിങ്ങാലക്കുട: നഗരസഭയുടെ മഹാത്മ പാര്‍ക്ക് ഉപയോഗിക്കാന്‍ ഇനി ഫീസ് വേണം. മഹാത്മ പാര്ക്കിന് പ്രവേശന ഫീസ് ഏര്‍പ്പെടുത്തി കൊണ്ടുള്ള ബൈലോക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. പാര്‍ക്ക് ഉപയോഗിക്കുന്നതും അനുവദിക്കുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച തയ്യാറാക്കിയ ബൈലോക്കാണ് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. നഗരസഭയുടെ ആസ്തികള്‍ രജിസ്റ്റര്‍ ചെയ്ത് തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബൈലോ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ പാര്ക്കിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ബൈലോ കൊണ്ടുവരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിനിമ നിര്‍മാണത്തിനുള്ള ഷൂട്ടിംഗ്, വാണിജ്യാവശ്യത്തിനുള്ള ഫോട്ടോഗ്രാഫി, ആല്‍ബം, വീഡിയോ തുടങ്ങിയവയുടെ ചിത്രീകരണത്തിനായി വന്‍തുകയാണ് പ്രവേശന ഫീസായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കില്‍ പൊതുവിനോദ പരിപാടി അവതരിപ്പിക്കുന്നതിനും, പൊതുസമ്മേളനങ്ങള്‍, ഘോഷയാത്ര പ്രകടനം, പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കുന്നതിനും കൗണ്‍സിലിന്റെ രേഖാമൂലം അനുവാദം വേണമെന്ന് ബൈലോയില്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ നാല് മരങ്ങള്‍ മാത്രമുള്ള പാര്‍ക്കില്‍ മറ്റൊന്നും എടുത്തുപറയത്തക്കതായി ഇല്ല. വെറും പറമ്പായി കിടക്കുന്ന പ്രദേശത്തിന് പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയതില്‍ എല്‍ഡിഎഫ് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നവീകരണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത് നഗരസഭ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്.